print edition തസ്‌തിക ഇല്ലാത്ത സ്ഥലത്തേക്കുവരെ മാറ്റം; ലക്ഷ്യം പ്രതികാരംമാത്രം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ‘ഭരണപക്ഷ അനുകൂലികളല്ലാത്ത എല്ലാവരെയും തലങ്ങും വിലങ്ങും മാറ്റുകയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ല. തസ്‌തിക പോലും ഇല്ലാത്ത സ്ഥലത്തേക്കാണ് മാറ്റിയത്. പുതിയ നിയമനം ലഭിച്ചിടത്ത് തസ്‌തിക ഇല്ലാത്തതിനാൽ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ’ താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥയുടെ വാക്കുകളിൽ ഭരണ സംവിധാനം സുഗമമായി കൊണ്ടുപോകുകയല്ല ഇൗ സർക്കാരിന്റെ ലക്ഷ്യമെന്നത് വ്യക്‌തം.
സർക്കാരിന്റെ ജനദ്രോഹ – തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ നടന്ന സെക്രട്ടറിയറ്റ് മാർച്ചിലും ധർണയിലും പങ്കെടുക്കാനെത്തിയവർക്ക് പറയാനുണ്ടായിരുന്നത് ഭരണത്തിന്റെ തണലിൽ നടക്കുന്ന പ്രതികാര നടപടികളുടെ നിരവധി അനുഭവങ്ങൾ.
‘ഗർഭിണികളെ ഉൾപ്പെടെ സ്ഥലം മാറ്റുകയാണ്. ക്ലാസ് ഫോർ ജീവനക്കാരെ അപേക്ഷ കൂടാതെ മാറ്റരുതെന്നാണ് ചട്ടം. എന്നാൽ ഇതുൾപ്പെടെ ലംഘിച്ചു. പലരെയും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലത്തേക്കാണ് മാറ്റിയത്. ഓഫീസിലെ പല സ്ഥലംമാറ്റ ഉത്തരവുകളും രഹസ്യമാക്കി വയ്‌ക്കുന്നു.
പുതിയ ആൾ ജോയിൻ ചെയ്യുന്നതിന് അരമണിക്കൂർ മുന്നെയൊക്കെയാണ് സ്ഥലം മാറ്റിയുള്ള ഓർഡർ കൈയിൽ ലഭിക്കുക.
എങ്ങനെയൊക്കെ ആകാമോ അങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോഗ്യ വകുപ്പിലെ ഒരു ജീവനക്കാരി പറഞ്ഞു. തൊട്ടടുത്ത് ഒഴിവുണ്ടായിട്ടും 60 കിലോ മീറ്റർ അപ്പുറത്തേക്കാണ് തന്നെ മാറ്റിയതെന്നും ഇവർ വ്യക്‌തമാക്കി. ചിട്ടയായ നടപടികളുമായാണ് മുൻ സർക്കാർ പോയത്. അതുകൊണ്ട് പകർച്ചവ്യാധിയുടെ ഘട്ടങ്ങളിലെല്ലാം ഭംഗിയായി അത് കൈകാര്യം ചെയ്യാനായി. ഇപ്പോഴത്തെ സർക്കാരിന് പകർച്ചവ്യാധി തടയുകയല്ല ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
‘സാധാരണക്കാരായ ജീവനക്കാരെയും സ്ഥലം മാറ്റുന്നുണ്ട്. എന്നിട്ട് ഭരണപക്ഷ നേതാക്കൾ ഫോണിൽ വിളിച്ച് പണം തന്നാൽ ഇഷ്‌ടമുള്ള സ്ഥലത്ത് നിയമനം നൽകാം എന്നു പറയും. 25,000 രൂപ മുതലാണ് വാങ്ങുന്നത്.’ സഹകരണ വകുപ്പിലെ ജീവനക്കാർ ആരോപിച്ചു.
ശമ്പള പരിഷ്‌കരണം പത്തുവർഷത്തിൽ ഒരിക്കൽ ആക്കിയാൽ അതിനുമുമ്പ് വിരമിക്കുന്നവർക്ക് പെൻഷനിലടക്കം വലിയ നഷ്‌ടം സംഭവിക്കുമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ പറഞ്ഞു. സർക്കാർ ജീവനക്കാർ തൊഴിൽ സുരക്ഷിതർ എന്നായിരുന്നു കാഴ്‌ചപ്പാട്.
കേന്ദ്രത്തിന്റെ തൊഴിൽ കോഡുകൾ ഇവിടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വെമ്പൽ കൊള്ളുന്ന പശ്‌ചാത്തലത്തിൽ ഒരു തൊഴിലിടവും സുരക്ഷിതമല്ല എന്ന ആശങ്കയും ജീവനക്കാർ പങ്കുവച്ചു.










0 comments