ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ; 10 ലക്ഷം ധനസഹായം, മകന് ജോലി

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് എത്തിയപ്പോൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ. ബിന്ദുവിന്റെ ആശ്രിതർക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യാനും തീരുമാനമായി.
ജൂലൈ 3ന് നടന്ന അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകി.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവര്‍ തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി ആർ ബിന്ദു ഉറപ്പ് നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ബിന്ദുവിന്റെ വീട് നവീകരണം പൂര്‍ത്തിയാക്കുക. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി.
എന്‍എസ്എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അന്‍സാർ, എംജി യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്റര്‍ ഡോ ശിവദാസ്, എംഎല്‍എ സി കെ ആശ, മന്ത്രി ആര്‍ ബിന്ദു എന്നിവരടങ്ങുന്ന കമ്മിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകും. വീടിന്റെ പ്ലാനും എസ്‌റ്റിമേറ്റും കഴിഞ്ഞ ദിവസം തയ്യാറാക്കി. 12 ലക്ഷത്തി എണ്‍പതിനായിരം (12,80000) രൂപയുടെ എസ്‌റ്റിമേറ്റാണ് ഇപ്പോള്‍ തയ്യാറാക്കിയുട്ടുള്ളത്. 50 ദിവസത്തിനകം വീടു പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.









0 comments