ചരിത്രമായി നിക്ഷേപക സംഗമം; 374 കമ്പനികളിൽ നിന്നായി ഒന്നര ലക്ഷത്തിലേറെ കോടിയുടെ നിക്ഷേപ വാഗ്ദാനം

കൊച്ചി: കേരളത്തിലെ വ്യവസായ നിക്ഷേപവും വളർച്ചയും ലക്ഷ്യമിട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് സംരംഭക ലോകത്തു നിന്നും വൻ പ്രതികരണം. സംസ്ഥാനത്ത് രൂപപ്പെട്ട നിക്ഷേപക അനുകൂല സാഹചര്യത്തിൽ വ്യവസായ സംരംഭങ്ങളിലും വികസനത്തിനും ഭാഗഭാക്കാകുവാൻ വിവിധ കമ്പനികൾ സ്വയം സന്നദ്ധമായി രംഗത്തെത്തി.
374 കമ്പനികളിൽ നിന്നായി 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഇതുവഴി ലഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇതു വഴി കേരളത്തിൽ പുതിയതായി 60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇൻവെസ്റ്റ് കേരള സമാപനവേദിയിലാണ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നത് ആകർഷകമാണ്. സംസ്ഥാനത്തെ വ്യവസായ പ്രവർത്തനങ്ങൾ എല്ലാം തന്നെ സുതാര്യമാണ്. ഒരു തരത്തിലുമുള്ള ഹിഡൻ കോസ്റ്റും കേരളത്തിലില്ലെന്നതും ആകർഷകമാണ്- മന്ത്രി പറഞ്ഞു.
കേരളത്തിൽ ലഭ്യമാകുന്ന ഭൂമിയെ പറ്റിയും അവയുടെ സാഹചര്യത്തെ കുറിച്ചും ചോദ്യമുയർന്നിരുന്നു. അത്തരം കാര്യത്തിലൊന്നും ആശങ്കയേ വേണ്ടെന്ന് വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രദേശങ്ങൾ എല്ലാം തന്നെ സമ്പന്നവും വികസിതവുമാണ്. സൌകര്യങ്ങളുടെ നഗരമെന്നോ ഗ്രാമമെന്നോ വിവേചിക്കേണ്ടതില്ലാത്തതാണ് ഇവിടുത്തെ സ്ഥലങ്ങൾ. ഇത് വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്.
കേരളത്തിൽ വ്യവസായ നടത്തിപ്പിന് തടസമുണ്ടാവില്ല. രേഖകൾ നേടുന്നതിന് കാലതാമസം ഉണ്ടാവില്ല. ഭൂമി തടസമല്ല. കേരളം ഒരു നഗരമാണ്. വിജയിച്ചു നിൽക്കുന്ന പല ബിസിനസുകളും ഓരോ പഞ്ചായത്തുകളിലായാണ്. ഇന്ന് ഇത്രയും വലിയൊരു പരിപാടി ഇവിടെ നടക്കുന്നത് തന്നെ ഒരു പഞ്ചായത്തിലെ കോൺഫറൻസ് ഹാളിലാണെന്ന് മന്ത്രി ചൂണ്ടികാട്ടി.
കേരളത്തിലെ വിദ്യാഭ്യാസ മേഖല കുതിപ്പിലാണ്. ഉന്നത കോഴ്സുകൾ വ്യവസായ മേഖല കൂടി പരിഗണിച്ചു കൊണ്ട് രൂപകൽപന ചെയ്യുമെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെയുള്ളവ കൊണ്ടുവരുന്നത് എന്നും ഉദാഹരണായി ചൂണ്ടികാണിച്ചു.









0 comments