അതിദാരിദ്ര്യ മുക്ത കേരളം: പ്രതിപക്ഷവും ചില മാധ്യമങ്ങളും കേരളത്തിന്റെ നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തോടെ ലോകത്തിന് മുന്നിൽ കേരളം അഭിമാനകാരമായ നേട്ടം കൈവരിച്ചപ്പോഴും പ്രതിപക്ഷവും ചില മാധ്യമങ്ങളും കേരളത്തിന്റെ നേട്ടത്തെ ഇകഴ്ത്തി കാണിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടം മാതൃകാപരമാണെന്ന് റിപ്പോർട്ട് ചെയ്യുമ്പോഴാണ് വലതുപക്ഷ മാധ്യമങ്ങൾ വിചിത്രമായ പ്രതികരണങ്ങൾ തുടരുന്നത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളും നേട്ടത്തെ മറച്ച് വെക്കുന്ന താരത്തിലാണ് പ്രസ്താവനകൾ നടത്തിയത്. ബിജെപി നേതാവ് ഇത് മോദി സർക്കാരിന്റെ നേട്ടമായാണ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ട് ലക്ഷം കോടി രൂപയോളം തരാതെയാണ് നേട്ടത്തിന് പിന്നിൽ ബിജെപി സർക്കാരാണെന്ന് അവകാശവാദമുന്നയിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇടപെടലാണെന്നാണും ഇത്രയും ആനുകൂല്യങ്ങൾ നൽകാൻ സർക്കാറിന് കഴിയില്ലെന്നുമാണ് പ്രതിപക്ഷം പറഞ്ഞത്. സാധാരണക്കാരായ ജനങ്ങളോടുള്ള അവരുടെ നിലപാടാണത്. എന്നാൽ തുടർ ഭരണമുണ്ടാകുന്നതോടെ പ്രതിപക്ഷം ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.
ദേശീയ പാത നിർമാണം, ഗെയിൽ പൈപ്പ് ലൈൻ, വയനാട് തുരങ്കപാത തുടങ്ങി കേരളത്തിലെ എല്ലാ വികസനത്തെയും എതിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതേ മാനസികാവസ്ഥയാണ് കോൺഗ്രസിന്റെ താഴെ തലത്തിലുള്ള നേതാക്കളിലും കാണാനാവുക. അതിദാരിദ്ര്യ മുക്ത കേരളത്തിനായുള്ള പദ്ധതിയിൽ പട്ടിണിപ്പാവങ്ങളായ ഗുണഭോക്താക്കൾക്ക് ചേർത്തല നഗരസഭ നൽകിയ ഭക്ഷ്യക്കൂപ്പണാണ് കോൺഗ്രസ് നേതാവായ കൗൺസിലർ തട്ടിയെടുത്തത്. ഇതിൽ നിലപാടെടുക്കാൻ കോൺഗ്രസിനും അത് വാർത്തയാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്കും കഴിഞ്ഞില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments