print edition വനം വകുപ്പിൽ കൂട്ടസ്ഥലംമാറ്റം; വിരമിക്കാൻ 8 മാസംമാത്രമുള്ള ജീവനക്കാരിയോടും ക്രൂരത

എം അനിൽ
Published on Aug 30, 2026, 12:37 AM | 1 min read
കൊല്ലം: വനം–വന്യജീവി വകുപ്പിൽ വീണ്ടും മാനദണ്ഡം ലംഘിച്ച് കൂട്ടസ്ഥലംമാറ്റം. 30സീനിയർ ക്ലർക്കുമാരെ സ്ഥലംമാറ്റി കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 24ന് ഉത്തരവ് ഇറക്കി. സർവീസിൽനിന്ന് വിരമിക്കാൻ എട്ടുമാസം മാത്രം ശേഷിക്കുന്ന ജീവനക്കാരിയും പട്ടികയിലുണ്ട്. ഇവരെ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. വിരമിക്കുന്ന കാലയളവിൽ സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ആനുകൂല്യംപോലും നിഷേധിച്ചു. ഒരു ഓഫീസിൽ ഒരുവർഷംമാത്രമായ വനിതാ ജീവനക്കാരെയും ഒന്നരവർഷം മാത്രമായ എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി ബിനുകുമാറിനെയും സ്ഥലംമാറ്റി.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്. കോൺഗ്രസ് സംഘടനയായ എൻജിഒ അസോസിയേഷൻ നൽകിയ പട്ടിക അതേപടി അംഗീകരിക്കുകയായിരുന്നു. ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റിയുള്ള ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. മിക്ക ജീവനക്കാരെയും സ്ഥലംമാറ്റിയതിന്റെ ഏക കാരണം എൻജിഒ യൂണിയനിൽ പ്രവർത്തിച്ചുവെന്നതാണ്. നേരത്തെ വനം റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റവും വിവാദമായിരുന്നു. 53 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ സ്ഥലംമാറ്റിയ ജംബോ ലിസ്റ്റാണ് ഇറക്കിയത്. ഇതിനുപിന്നിൽ വൻ അഴിമതി നടന്നതായും പരാതി ഉയർന്നിരുന്നു.
മന്ത്രി ഷിബു ബേബിജോണിന്റെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ടവരും ആർഎസ്‌പി ഓഫീസും നേരിട്ട് ഇടപെട്ടാണ് ഉത്തരവ് തയ്യാറാക്കിയത്. അതിനിടെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ സ്ഥലംമാറ്റത്തിനും ലേലംവിളി നടക്കുകയാണ്. മന്ത്രിയുടെ പാർടിയായ ആർഎസ്‌പിയുടെ പ്രാദേശിക, ജില്ല നേതാക്കളുടെ നേരിട്ടുള്ള ഇടപെടലുമുണ്ട്. സ്ഥലംമാറ്റ ഉത്തരവ് വൈകിപ്പിക്കുന്നത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ആക്ഷേപമുണ്ട്. ഒരേ സ്ഥലത്തേക്ക് മാറ്റത്തിന് ആർഎസ്‌പി നേതാക്കളും കോൺഗ്രസ് നേതാക്കളും ഒരുപോലെ ശുപാർശക്കത്ത് നൽകിയിട്ടുണ്ട്.










0 comments