പ്രളയകാലത്ത് കേരളത്തിനായി ഉയർന്ന ശബ്ദം

തിരുവനന്തപുരം : വാക്കിലും പ്രവർത്തിയിലും നിസ്വരോട് എന്നും ആഭിമുഖ്യം പുലർത്തിയ ഫ്രാൻസിസ് മാർപാപ്പ കേരളത്തിന്റെ കണ്ണീരൊപ്പാനും കൂടെ നിന്നു. കേരളം നടുങ്ങിയ 2018ലെ മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്കായി ലോകത്തോട് അദ്ദേഹം സഹായമഭ്യർഥിച്ചത് സമാനതകളില്ലാത്ത മാനവസ്‌നേഹത്തിന്റെ തെളിവ്.
പ്രളയത്തിൽ മരിച്ചവരെയും ജീവിതത്തിൽ സ്വരുക്കൂട്ടിയ സർവ സമ്പത്തും നഷ്ടപ്പെട്ടമായ നൂറുകണക്കിനാളുകളെയും സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പ്രാർഥനയിൽ അദ്ദേഹം ഉൾപ്പെടുത്തി. കൊച്ചുകേരളത്തിലെ നിസ്സഹായരായ ജനതയ്‌ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. അവരുടെ അതിജീവനത്തിനായി സഹായം തേടി. കേരളത്തിനായി ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം ലോകജനത കേട്ടു.
കേരളം വിറങ്ങലിച്ചുനിന്നപ്പോൾ ആശ്വസിപ്പിച്ച അനുകമ്പയുടെ സ്വരം മൺമറഞ്ഞതിന്റെ ദുഃഖം സംസ്ഥാന നേതാക്കളും പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും മറ്റും അക്കാര്യം പ്രത്യേകം അനുസ്മരണക്കുറിപ്പായി നൽകി. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ കണ്ട അനുഭവം പി രാജീവ് ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കുവച്ചു. ‘ഞാനൊരു കമ്യൂണിസ്റ്റാണ്. കേരളത്തിൽനിന്നും വരുന്നു’ എന്ന് പറഞ്ഞപ്പോൾ ‘ദൈവം നിങ്ങൾക്കൊപ്പമുണ്ടാകട്ടെ, നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നുപറഞ്ഞ് ജപമാല സമ്മാനിച്ചതും ‘അർജന്റീനയിലെ ജീവിതത്തിൽ താൻ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു’ എന്ന് പറഞ്ഞതും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ഹോപ്പ്’ എന്ന ആത്മകഥയിൽ, ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപാപ്പ എഴുതിയത് അദ്ദേഹം കമ്യുണിസ്‌റ്റുകാരുടെ പ്രവൃത്തികൾക്ക് നൽകിയ അംഗീകാരമാണ്.









0 comments