print edition മഴക്കെടുതി: മരണം 29

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ ബുധനാഴ്‌ച രണ്ടുപേർ കൂടി മരിച്ചു. ആലപ്പുഴ കോമളപുരം കന്യാക്കൽ പുതുവൽവീട് ബാബു (56), തലവടി നീരേറ്റുപുറം ചെക്കാട്ട് റെജി ചെറിയാൻ (67) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 29 ആയി. ചൊവ്വാഴ്‌ച വേന്പനാട്ടുകായലിൽ കക്കവാരാൻ പോയ ബാബുവിന്റെ മൃതദേഹം ബുധനാഴ്‌ച കിട്ടി.
ഹൃദയാഘാതമുണ്ടായ റെജി ചെറിയാനെ വെള്ളപ്പൊക്കം കാരണം സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല. തിരുവനന്തപുരം വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോൺ മത്തിയാസ്, കൊല്ലം നീണ്ടകരയിൽ മീൻപിടിത്തത്തിനിടെ തിരയിൽപ്പെട്ട ഗൗതം കൃഷ്‌ണൻ എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ആലപ്പുഴ തോട്ടപ്പള്ളി പൊഴി പൂർണമായി മുറിക്കാത്തതും സ്‌പിൽവേയിൽ മാലിന്യമടിഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതും കുട്ടനാട്ടിൽ സ്ഥിതി രൂക്ഷമാക്കി.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. കല്ലാർകുട്ടി, പെരിങ്ങൽകുത്ത്, പീച്ചി, കുറ്റ്യാടി, കല്ലട, മലങ്കര, ശിരുവാണി, കാഞ്ഞിരപ്പുഴ, മലന്പുഴ, പോത്തുണ്ടി, മൂലത്തറ, മംഗലം, കാരാപ്പുഴ, പഴശ്ശി എന്നിവിടങ്ങളിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകി.
7 ജില്ലയിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. കേരളം, -കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്‌ചവരെ മീൻപിടിത്തത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









0 comments