മത്സ്യത്തൊഴിലാളി സമാശ്വാസ സമ്പാദ്യ പദ്ധതി
print edition പഞ്ഞമാസം കഴിഞ്ഞപ്പോൾ തുക അനുവദിച്ചു; കൈയിലെത്താൻ ഓണം കഴിയും


സ്വന്തം ലേഖകൻ
Published on Aug 22, 2026, 12:44 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ രൂപീകരിച്ച ‘സമ്പാദ്യ സമാശ്വാസ പദ്ധതി'യിലും അർഹതപ്പെട്ട വിഹിതം നൽകുന്നതിൽ സർക്കാരിന് അമാന്തം. പഞ്ഞമാസങ്ങളിൽ നൽകേണ്ട തുക പിടിച്ചുവച്ച സർക്കാർ ഒരു ഗഡുകൂടി നൽകാനുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. അടുത്തദിവസങ്ങളിൽ ബാങ്കുകൾ തുടർച്ചയായി അവധിയായതിനാൽ തുക എപ്പോൾ അക്കൗണ്ടുകളിലെത്തുമെന്നതിനും വ്യക്തതയില്ല.
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച സമാശ്വാസപദ്ധതിയാണിത്. പ്രതികൂല കാലാവസ്ഥ, ട്രോളിങ് നിരോധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗുണഭോക്താവ്, കേന്ദ്രം, സംസ്ഥാന സർക്കാരുകൾ എന്നിവ 1500 രൂപ വീതം നിക്ഷേപിച്ച് ജൂൺ, ജൂലൈ, ആഗസ്‌ത് മാസങ്ങളിലായി 1500 രൂപ വീതം നൽകും. 2700 രൂപയായിരുന്ന ആനുകൂല്യം എൽഡിഎഫ് സർക്കാരാണ് 4500 രൂപയാക്കിയത്.
കഴിഞ്ഞവർഷംവരെയും കൃത്യമായി നൽകിയിരുന്നതാണ് ഇൗ വർഷം മുടങ്ങിയത്.
സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പുവർഷം 62.463 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. അതിൽ കേന്ദ്രവിഹിതമായ 10 കോടിയും സംസ്ഥാന വിഹിതമായ 10 കോടിയും ചേർത്ത് 20 കോടി രൂപമാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഓണത്തിനുമുമ്പ് ഇൗ തുക അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന പ്രതീക്ഷ മുടങ്ങി. നിലവിൽ ഒന്നര ലക്ഷത്തോളംപേർ പദ്ധതിയിലുണ്ട്. ഇതുപ്രകാരം 22 കോടിയിലേറെ രൂപ ആവശ്യമാണ്. നേരത്തെ തുക മുടങ്ങാതെ കൃത്യമായി നൽകാൻ കേന്ദ്രവിഹിതവും സംസ്ഥാനം നൽകുകയായിരുന്നു.










0 comments