ഉറപ്പോടെ, മികവോടെ സ്‌കൂളുകൾ; കൊഴിഞ്ഞുപോകൽ കുറവ് കേരളത്തിൽ

എസ്എൻബിഎം ജിയുപി സ്കൂൾ മേലടിയിലെ വിദ്യാർഥികൾ ചിത്രപ്രദർശനത്തിന്റെ ഭാഗമായപ്പോൾ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സർക്കാർ സ്‌കൂളുകളും പ്രവർത്തിക്കുന്നത് ഉറപ്പുള്ള കെട്ടിടത്തിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023–-24ലെ കണക്കനുസരിച്ച് കേരളത്തിൽ 12,948 സ്‌കൂളുകളാണ് ഉള്ളത്. ഇതിൽ 4,697 എണ്ണം സർക്കാർ സ്‌കൂളുകളും 7,208 എയ്‌ഡഡ് സ്‌കൂളുകളും 1,043 അൺ എയ്‌ഡഡ് സ്‌കൂളുകളുമാണ്.
സർക്കാർ സ്‌കൂളുകളിൽ 103 എണ്ണം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ സ്‌കൂളുകളുടെ പശ്‌ചാത്തലവികസനവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളും സർവ്വശിക്ഷാ കേരള പോലുള്ള പരിപാടികളും സഹായിച്ചു. കിഫ്‌ബിയിൽനിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് 141 സ്‌കൂളുകൾക്ക് അഞ്ചു കോടി രൂപ അനുവദിച്ചു. ഇതിൽ 138 സ്‌കൂളുകളിലും കെട്ടിട നിർമാണം പൂർത്തിയായി. മൂന്നു കോടി രൂപ അനുവദിച്ച 386 സ്‌കൂളുകളിൽ 178 ഇടത്ത് നിർമാണം പൂർത്തിയായി. ഒരു കോടി അനുവദിച്ചവയിൽ 446 സ്‌കൂളുകളിൽ 192 ഇടത്ത് പുതിയ കെട്ടിടമുയർന്നു. നബാർഡിന്റെ സഹായത്തോടെ 104 കോടി രൂപ വിനിയോഗിച്ച് 52 സ്‌കൂളുകളിൽ കെട്ടിട നിർമാണം പൂർത്തിയാക്കി.
വിദ്യാർഥികളുടെ പ്രവേശനം 2024–-25ൽ 36.4 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ അധ്യയന വർഷം 37.5 ലക്ഷം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. സംസ്ഥാനത്തിന്റെ കുറഞ്ഞ ജനന നിരക്കാണ് ഇതിനൊരു കാരണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടിയത് 5.28 ലക്ഷം വിദ്യാർഥികളാണ്. സംസ്ഥാനത്ത് ആകെയുള്ള വിദ്യാർഥികളിൽ 9.92 ശതമാനം പേർ പട്ടികജാതി വിഭാഗക്കാരാണ്. ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ക്യാമ്പസ്, ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ, റിസോഴ്‌സ് അധ്യാപകരുടെ സേവനം തുടങ്ങിയവയും സ്‌കൂളുകളിൽ നടപ്പാക്കുന്നു. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലായി 63,883 ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സൗജന്യ ഉച്ചഭക്ഷണം, യൂണിഫോം എന്നിവക്ക് പുറമേ യാത്രാ, ഹോസ്റ്റൽ സൗകര്യങ്ങൾ വിനോദയാത്രാചെലവുകൾ എന്നിവയും സർക്കാർ വഹിക്കുന്നു. കൈറ്റിന്റെ സഹായത്തോടെ നിർമിത ബുദ്ധി (എഐ) സ്‌കൂൾ വിദ്യാഭ്യാസവുമായി സംയോജിപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ കുതിച്ചുചാട്ടം നടത്തി.
കൊഴിഞ്ഞുപോകൽ കുറവ് കേരളത്തിൽ
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞുപോകൽ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിൽ. 2023–-24ൽ 0.08 ശതമാനമാണ് കൊഴിഞ്ഞുപോകൽ നിരക്ക്. 2022–-23ലും ഇതേ നിരക്കായിരുന്നു. ഓരോ വർഷവും സ്‌കൂളിൽനിന്നു കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 2019–-20ൽ 0.2 ശതമാനമായിരുന്നു നിരക്ക്.
അതേ സമയം, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് എൽപി വിഭാഗത്തിലെ ഇന്ത്യയിലെ ശരാശരി കൊഴിഞ്ഞു പോകൽ നിരക്ക് 4.1 ശതമാനവും യുപി, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ യഥാക്രമം 4.0, 17.1 ശതമാനവുമാണ്.









0 comments