print edition കടമെടുപ്പിൽ റെക്കോഡ്; എന്നിട്ടും പ്രതിസന്ധി; പദ്ധതികൾ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് നിർദേശം

തിരുവനന്തപുരം: മികച്ച വരുമാനമെന്ന് പുറത്ത് പ്രചരിപ്പിക്കുക, സാമ്പത്തിക പ്രതിസന്ധിയാണെന്നും ചെലവ് ചുരുക്കണമെന്നും വകുപ്പുകൾക്ക് നിർദേശം നൽകുക. അടുത്തവർഷത്തെ ബജറ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ധനവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൗ വിരോധാഭാസം. പ്രഖ്യാപനങ്ങളൊന്നും യാഥാർഥ്യമാകില്ലെന്ന സൂചനയുമുണ്ട്.
ഇൗ സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ മികച്ച വരുമാനം കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനഫലമായി ഉണ്ടായതാണ്. എൽഡിഎഫ് കാലത്തെ ജിഎസ്‌ഡിപിയിലെ വർധനവിൽ ഇൗ സാമ്പത്തികവർഷം പൊതുവിപണിയിൽനിന്ന് എടുക്കാവുന്ന വായ്‌പയുടെ പരിധി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. നേരത്തെ കടമെടുക്കുന്നതിനെ എതിർത്ത യുഡിഎഫ്, അധികാരത്തിലെത്തിയതോടെ ഇതിൽ റെക്കോഡിട്ടു. ട്രഷറി പണംകൊണ്ട് നിറയ്‌ക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുമ്പ് വി ഡി സതീശന്റെ വാഗ്‌ദാനം. വരുമാനം കൂട്ടാൻ വിസ്‌മയങ്ങളുണ്ടാകും എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സതീശൻ തന്നെ ധനവകുപ്പ് ഏറ്റെടുത്തത്.
പുതിയ പദ്ധതികള്‍ ഒഴിവാക്കണമെന്നും ചെലവ് പരിമിതപ്പെടുത്തണമെന്നുമാണ് നിർദേശം. ലാഭകരമല്ലാത്തതും അടിയന്തരമല്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപണി നിർത്തിവയ്ക്കണം, ശമ്പളം ഒഴികെയുള്ള ചെലവ് പരിമിതപ്പെടുത്തണം, ചില പദ്ധതികൾ അവസാനിപ്പിക്കുകയോ മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയോ ലയിപ്പിക്കുകയോ ചെയ്യണം, പുതിയ പദ്ധതി നിര്‍ദേശങ്ങൾ വേണ്ട, ഇന്ധനം – വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് പരമാവധി ചെലവ് ചുരുക്കണം, ഓരോ മേഖലയും വിശദമായി പരിശോധിച്ച് എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടതെന്ന് അറിയിക്കാനും വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും പദ്ധതിയോ പ്രവർത്തനമോ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം. ഭാവിയിലെ ഒഴിവുകളിലേക്ക് ഇവരെ നിയമിക്കാമെന്നും നിര്‍ദേശത്തിലുണ്ട്. ഇതോടെ, പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നതിലും ഒഴിവുകൾ നികത്തുന്നതിലും നിയന്ത്രണമുണ്ടാകുമെന്ന് ഉറപ്പായി. അതേസമയം, 2026ന്റെ തുടക്കത്തിൽ അച്ചടിച്ച് വിതരണംചെയ്‌ത സർക്കാർ ഡയറി വീണ്ടും അച്ചടിക്കുന്നതടക്കമുള്ള അനാവശ്യ ചെലവുകൾ നിർബാധം മറുവശത്ത് തുടരുന്നുമുണ്ട്.










0 comments