പകർച്ചപ്പനിയിൽ വിറച്ച് കേരളം; അഞ്ച് മരണം, 10 പേർക്ക് കൂടി ഷിഗല്ല

തിരുവനന്തപുരം: പകർച്ചപ്പനിയിൽ വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസയും എലിപ്പനിയും ബാധിച്ച് രണ്ടുപേർ വീതവും ഡെങ്കിപ്പനി ബാധിച്ച് ഓരാളുമാണ് മരിച്ചത്. ഒരാഴ്‌ചമുമ്പ് മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയുടേത് എച്ച്‌വൺഎൻവൺ ആണെന്ന് സ്ഥിരീകരിച്ചു.
ചൊവ്വ 10 പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് -7, വയനാട്, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് റിപ്പോർട്ട് ചെയ്തത്. ഇൗ മാസത്തിൽ 150 പേർക്ക് രോഗബാധയും ആറു മരണവും സംഭവിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. കോഴിക്കോട് (49), വയനാട് (20), തൃശൂർ (12) ആലപ്പുഴ (3) പേർ ചകിത്സയിൽ തുടരുന്നു.
പനി ബാധിച്ച് 13,189 പേർ പുതുതായി ചികിത്സ തേടി. 56 പേർക്ക് ഡെങ്കിയും ഏഴ് പേർക്ക് എലിപ്പനിയും രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 53 പേർ ഇൻഫ്ലുവൻസ ബാധിതരാണ്. ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് മാത്രം 40 പേർ ചികിത്സതേടി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്‌ച മരിച്ച കുടപ്പനംകുന്ന് സ്വദേശിക്ക് ഡെങ്കിപ്പനിയായിരുന്നെന്ന് സ്ഥിരീകരിച്ചു.










0 comments