ad
Deshabhimani

print edition കയറ്റുമതിയില്‍ 
കേരളം കുതിക്കുന്നു ; നിതി ആയോഗ് പട്ടികയില്‍ 11–ാമത്‌

ppp model
വെബ് ഡെസ്ക്

Published on Jan 17, 2026, 01:36 AM | 2 min read


കൊച്ചി

രാജ്യത്തെ കയറ്റുമതി മേഖലയില്‍ മികച്ചനേട്ടം കൈവരിച്ച് കേരളം. നിതി ആയോഗ് പുറത്തിറക്കിയ, കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 53.76 സ്കോര്‍ നേടി പതിനൊന്നാം സ്ഥാനത്തേക്ക് മുന്നേറി. മുന്‍ പട്ടികയില്‍ 19–ാം സ്ഥാനത്തായിരുന്നു.


കയറ്റുമതിനയങ്ങൾ, ബിസിനസ് അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരം, സംരംഭക അടിത്തറ, കയറ്റുമതിയിലെ നേട്ടങ്ങള്‍, മാനവവിഭവശേഷി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി അധ്യക്ഷനായുള്ള നിതി ആയോഗ്, ആഗോള കണ്‍സള്‍ട്ടിങ് കമ്പനിയായ ഡിലോയിറ്റുമായി ചേര്‍ന്ന് പട്ടിക തയ്യാറാക്കിയത്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ്‌ ഇതിനായി ഉപയോഗിച്ചത്.


സംസ്ഥാന കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. സംസ്ഥാനങ്ങളെ വന്‍കിട, ചെറുകിടയെന്ന് രണ്ടായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ വലിയ ഭൂപ്രദേശവും കാര്‍ഷിക, ഉൽപ്പാദന സംവിധാനങ്ങളുമുള്ള ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയവ ഉള്‍പ്പെടുന്ന വന്‍കിട സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം മികച്ച മുന്നേറ്റം നടത്തിയത്.


റിപ്പോര്‍ട്ട് പ്രകാരം സിങ്കപ്പൂര്‍, യുഎഇ, യുഎസ്എ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് സംസ്ഥാനത്തുനിന്ന് ഏറ്റവുമധികം കയറ്റുമതി. പെട്രോളിയം ഉൽപ്പന്നങ്ങള്‍ (32,025 കോടി), കൊഞ്ച്– ചെമ്മീന്‍– ഞണ്ട് (1763), കശുവണ്ടി, തേങ്ങ (1249), കപ്പല്‍, ബോട്ട് (1527), എസന്‍ഷ്യല്‍ ഓയില്‍ (1056), ജ്വല്ലറി (1146), കാപ്പി (656), കുട്ടികളുടെ തുണിത്തരങ്ങള്‍ (803), പരവതാനി (635) എന്നിവ കയറ്റുമതിയില്‍ ആദ്യ പത്തില്‍ ഇടം നേടി.


അഞ്ച്‌ എയര്‍ കാര്‍ഗോ ടെര്‍മിനല്‍, 19 തുറമുഖം, 133 വ്യവസായ മേഖല, 1858 കിലോമീറ്റര്‍ ദേശീയപാത എന്നിവയാണ് കയറ്റുമതിയില്‍ കേരളത്തിന്റെ സാധ്യത വര്‍ധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ. 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ലോജിസ്റ്റിക്സില്‍ വന്ന വലിയ മാറ്റവും സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസിനായി നടത്തിയ ശ്രമങ്ങളും കയറ്റുമതിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമായെന്ന്‌ കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. വിദേശ വിപണിയില്‍ കേരള ഉൽപ്പന്നങ്ങള്‍ക്ക്‌ ഈ നേട്ടം കരുത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്തി ശക്തമായ കയറ്റുമതി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കയറ്റുമതിനയമെന്ന് നിതി ആയോഗ് പറയുന്നു. സാമ്പത്തിക സഹായങ്ങളിലൂടെയും ശേഷി വർധിപ്പിക്കൽ പരിപാടികളിലൂടെയും എംഎസ്എംഇ, സ്റ്റാർട്ടപ്പ്‌ എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home