കേരളത്തിന് അനന്തസാധ്യത : ഹെര്‍വ് ഡെല്‍ഫിന്‍


വൈഷ്‌ണവ് ബാബു
Published on Sep 20, 2025, 12:04 AM | 1 min read
തിരുവനന്തപുരം
ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യ – ഭൂട്ടാന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ ദേശാഭിമാനിയോട് പറഞ്ഞു. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തി പുനരുപയോഗ ഊര്‍ജ സ്രോതസ് ഉപയോഗപ്പെടുത്താന്‍ കേരളത്തിന് കഴിയുന്നുണ്ട്. സ്ഥിരതയാര്‍ന്ന മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്ര സമ്പത്ത് പരിപാലനം എന്നിവയില്‍ സംസ്ഥാനത്തിന് മികച്ച അര്‍പ്പണ മനോഭാവമുണ്ട്. വിദഗ്ധരായ തൊഴിലാളികളും മനുഷ്യവിഭവശേഷിയും കേരളത്തിന്റെ കരുത്താണ്. യൂറോപ്യന്‍ യൂണിയന്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ അവസരം ലഭ്യമാകും.
രണ്ടുവര്‍ഷമായി യൂറോപ്യന്‍ യൂണിയന്റെ ഇന്ത്യ – ഭൂട്ടാന്‍ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരുന്നു. അതിരപ്പിള്ളിയിലും കൊച്ചിയിലും മുമ്പ് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്നതന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നിക്ഷേപം നടത്തും
കോൺക്ലേവിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും ഇന്ത്യയും ഉഭയകക്ഷി ചര്‍ച്ച നടത്തും. സ്വകാര്യ കമ്പനികൾക്കും പൊതു-സ്വകാര്യ സംരഭങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇതുവഴി നിക്ഷേപങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും. കേരളത്തിലെ സാധ്യത അറിയാൻ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍നിന്ന് സ്വകാര്യ കമ്പനികളുടെ പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തിട്ടുണ്ട്. ദീര്‍ഘകാല പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയ്ക്കും കേരളത്തിനും പൊതുവില്‍ യൂറോപ്പിനും ഗുണകരമാകും.
സ്വതന്ത്ര വ്യാപാര കരാറിന് ശ്രമിക്കും
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. യൂറോപ്പും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയുമായി മികച്ച കച്ചവട ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. സേവന മേഖലയിലും ചരക്കുമേഖലകളിലുമായി വര്‍ഷത്തില്‍ 20,000 കോടി യൂറോയുടെ വ്യാപാരമുണ്ട്. കൂടാതെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ മികച്ച നിക്ഷേപകരുമാണ്. ഈ രംഗത്ത് സഹകരിച്ച് മുന്നോട്ടുപോകുമെന്നതിന്റെ സൂചനയാണിത്. ഇത് ട്രേഡിങ് രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നും ഡെല്‍ഫിന്‍ പറഞ്ഞു.









0 comments