ഉദ്‌ഘാടനസമ്മേളനം ഇന്ന്
ബ്ലൂ ടൈഡ്‌സ് കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് തുടങ്ങി

കേരള- യൂറോപ്യൻ യൂണിയൻ കോൺക്ലേവിന് എത്തിയ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും വിഴിഞ്ഞത്ത് പരമ്പരാഗത മൽസ്യത്തൊഴിലാളികൾ മീൻപിടിത്ത വല ഒരുക്കുന്നത് കാണുന്നു
തിരുവനന്തപുരം
ബ്ലൂ ടൈഡ്‌സ് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിന് കോവളത്ത് തുടക്കമായി. ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള വികസനവും തീരമേഖലയുടെ സമ്പദ്‌വ്യവസ്ഥാ പങ്കാളിത്തവും ലക്ഷ്യമിട്ടാണ് കോൺക്ലേവ് നടക്കുന്നത്. വെള്ളി രാവിലെ 9.30ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും.
സമുദ്രാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ സമ്മേളനത്തില്‍ ആശയം പങ്കുവയ്‌ക്കും. വിവിധ വിഷയങ്ങളിൽ പാനല്‍ സെഷൻ നടക്കും. സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 18 യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് പ്രതിനിധികളുണ്ട്. ബെല്‍ജിയം, ബള്‍ഗേറിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഹംഗറി, ഇറ്റലി, പോളണ്ട് , സ്ലൊവാക്യ, സ്പെയിന്‍, റൊമാനിയ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരാണ് പങ്കെടുക്കുന്നത്.
കോൺക്ലേവിന്റെ ആദ്യദിനമായ വ്യാഴാഴ്‌ച വിദേശപ്രതിനിധികൾക്കുമുന്നിൽ ഓരോ മേഖലയെ കുറിച്ചും സംസ്ഥാനത്തെ വിവിധ വകുപ്പ് സെക്രട്ടറിമാർ വിശദീകരിച്ചു. വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു. കോവളം ഹവ്വാ ബീച്ചിൽ പ്രതിനിധികള്‍, കമ്പവല ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത് കാണാനെത്തി.
ഫിഷറീസ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും പരമ്പരാഗത മത്സ്യബന്ധന രീതികൾ വിശദീകരിച്ചു. കോവളം വെള്ളാറിലെ ക്രാഫ്റ്റ്സ് വില്ലേജും സംഘം സന്ദര്‍ശിച്ചു.
ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തി.









0 comments