ഇന്ത്യ-യൂറോപ് സഹകരണം ; കേരളത്തിന്റെ പങ്ക് നിർണായകമാകും

തിരുവനന്തപുരം
സമുദ്രസമ്പദ്‌വ്യവസ്ഥ വഴി ഇന്ത്യ-യൂറോപ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലനില്‍പ്പിനുവേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളര്‍ച്ചയ്‌ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്നും കേരള–യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിനുമുന്നോടിയായി യൂറോപ്യൻ യൂണിയൻ അംബാസഡറുമായി ചേർന്നുള്ള പ്രസ്‌താവനയില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നുണ്ടെന്ന് യൂറോപ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. സാധ്യമായ സഹകരണത്തിനും നിക്ഷേപത്തിനും ലക്ഷ്യമിടുന്നു. സമുദ്രാധിഷ്‌ഠിത വ്യവസായം, തീരദേശ പ്രതിരോധം, സുസ്ഥിരത, ഉയര്‍ന്ന നൈപുണ്യം, വെല്‍നെസ്, ടൂറിസം രംഗത്തെല്ലാം അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രപരിപാലനം എന്നിവയില്‍ സംസ്ഥാനത്തിനുള്ള അര്‍പ്പണ മനോഭാവമാണ് കോണ്‍ക്ലേവ് തെളിയിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിലെ തീരദേശ സമൂഹങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാനും സമുദ്ര പരിസ്ഥിതിയുടെ ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കാനും യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.









0 comments