print edition വൈദ്യുതി നിരക്ക്; യുഡിഎഫ് സർക്കാർ 3 തവണയായി വർധിപ്പിച്ചത് 47.93 ശതമാനം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിലൂടെ ഉപയോക്താക്കളെ ഷോക്കടിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. 2011–-16 യുഡിഎഫ് ഭരണകാലത്ത് 47.93 ശതമാനമായിരുന്നു നിരക്കുവർധന.
2012 -ജൂലൈ ഒന്നുമുതൽ 24 ശതമാനം നിരക്ക് കൂട്ടിയ സർക്കാർ വീടുകളെയും വ്യവസായങ്ങളെയും ഒരുപോലെ പിഴിഞ്ഞു. കാർഷികമേഖലയെയും ജീവകാരുണ്യസ്ഥാപനങ്ങളെയും വെറുതെവിട്ടില്ല. സബ്‌സിഡിയും അനുവദിച്ചില്ല.
എട്ടുമാസത്തിനുശേഷം വീണ്ടും വർധിപ്പിച്ചു. 2013 മെയ് ഒന്നുമുതൽ 9.1 ശതമാനമായിരുന്നു വർധന. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് 1.50 രൂപയും 41 മുതൽ 80 യൂണിറ്റുവരെ 2.40 രൂപയുമായിരുന്നത് ഏകോപിപ്പിച്ച് മൊത്തം യൂണിറ്റിനും 2.20 രൂപയാക്കിയതോടെ 40–-80 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് ഇരുട്ടടിയായി. 2014–-15ൽ 14.83 ശതമാനവും ഉയർത്തി. ചരിത്രത്തിലാദ്യമായി ഗാർഹിക ഉപഭോക്താക്കൾക്ക് കൂടിയ വർധന (24 ശതമാനത്തിനുമുകളിൽ) വരുന്നതും അക്കാലത്താണ്.
ഉപയോഗത്തിനനുസരിച്ച് നിരക്ക് വർധിക്കുന്ന സ്ലാബ് സമ്പ്രദായത്തിൽ മാറ്റംവരുത്തി ഉപയോക്താക്കളെ ഉയർന്ന സ്ലാബിലേക്ക് മാറ്റി. വൈദ്യുതിയില്ലാതെ മണിക്കൂറുകളോളം ജനം വലയുന്നതിനിടെയാണ് മൂന്നുതവണ നിരക്ക് വർധിപ്പിച്ച് യുഡിഎഫ് സർക്കാർ ജനത്തെ ദ്രോഹിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കെഎസ്‌ഇബിയുടെ കടബാധ്യത 1286 കോടിയായിരുന്നു. കടബാധ്യത തീർക്കാനെന്ന ന്യായം നിരത്തിയാണ് 2012ൽ 24 ശതമാനം നിരക്ക് കൂട്ടിയത്. എന്നാൽ, യുഡിഎഫ് ഭരണത്തിന്റെ കെടുകാര്യസ്ഥതയിൽ അധികചെലവും കടബാധ്യതയും ഉയർന്നു. കടബാധ്യത 1286 കോടിയിൽനിന്ന് 7034 കോടിയാക്കിയാണ് യുഡിഎഫ് അധികാരം ഒഴിഞ്ഞത്.
എൽഡിഎഫ് സർക്കാർ 17.87%
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ആകെ 26.02 ശതമാനം മാത്രം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രണ്ടുതവണയായി 12.09 ശതമാനം മാത്രമായിരുന്നു വർധന. ഇതിന്റെ നാലിരട്ടിയിൽ ഏറെയാണ് മൂന്നുതവണയായി യുഡിഎഫ് വർധിപ്പിച്ചത്. രണ്ടാം പിണറായി സർക്കാർ 13.93 ശതമാനം മാത്രമാണ് വർധിപ്പിച്ചത്. യുഡിഎഫ് വൻ കടബാധ്യതയും നഷ്ടവും വരുത്തിവച്ചപ്പോൾ, കെഎസ്‌ഇബിയെ ലാഭത്തിലേക്ക് ഉയർത്താൻ എൽഡിഎഫ് സർക്കാരിനായി.










0 comments