രത്തൻ ഖേൽക്കറിന്റെ നിയമനം; രാഹുൽ ഗാന്ധിയുടെ നിലപാടിനോടുള്ള വെല്ലുവിളി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തിയ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു രത്തൻ യു ഖേൽക്കർ. ഇതേ പോസ്റ്റിൽ നിലനിൽക്കെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം നൽകാൻ തീരുമാനമാകുന്നത്.
അടുത്തിടെ പശ്ചിമ ബംഗാളിൽ ബിജെപിക്ക് അധികാരം പിടിക്കാൻ വഴിവിട്ട് പ്രവർത്തിച്ചെന്ന് ആരോപണമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉന്നതപദവികളിൽ നിയമിച്ചിരുന്നു. ഇതിന് സമാന രീതിയിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
ബിജെപിയുടേയും തെരഞ്ഞെടുപ്പ് കമീഷന്റെയും "കള്ളന്മാരുടെ മാർക്കറ്റിൽ" മോഷണം വലുതാകുന്തോറും പ്രതിഫലവും വലുതായിരിക്കുമെന്നായിരുന്നു ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്നാൽ സ്വന്തം പാർട്ടിയുടെ നേതാവിന്റെ നിലപാടിനെ വെല്ലുവിളിക്കുന്ന തരത്തിൽ കേരളത്തിൽ നിയമനം നടക്കുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിക്കാൻ തയാറായിട്ടില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ താത്പര്യങ്ങളെ മറികടന്നാണ് വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയതെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി ഗ്രൂപ്പുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.
ബംഗാളിൽ എസ്‌ഐആർ പ്രക്രിയയുടെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയിരുന്നു. ഉത്തരവിറങ്ങുംമുമ്പേ അഗർവാൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുകയും ചെയ്‌തു. സുവേന്ദു മമത ബാനർജിയെ തോൽപ്പിച്ച ഭബാനിപുർ മണ്ഡലത്തിൽ റിട്ടേണിങ് ഓഫീസറായിരുന്ന സുർജിത് റോയിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സീനിയർ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. തെരഞ്ഞെടുപ്പുവേളയിൽ പല വഴിവിട്ട നടപടികളും സ്വീകരിച്ചെന്ന് ആരോപണം നേരിട്ടയാളാണ് അദ്ദേഹം. സിവിൽ സർവീസിലെയും ഭരണപരിഷ്‌കാര വകുപ്പിലെയും 10 ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു.
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ പശ്ചിമബംഗാളില്‍ 90ലക്ഷത്തിലേറെ വോട്ട് ആണ് വെട്ടിക്കുറച്ചത്. സമാന രീതിയിൽ കേരളത്തിലും നിരവധി പേരാണ് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്. എസ്‌ഐആറിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് കേരളം അടുത്തിടെ വേദിയായത്. എസ്‌ഐആറിൽ 25 ലക്ഷം പേർ വോട്ടർപട്ടികയിൽനിന്ന് പുറത്തായിരുന്നു. വിവിധ ഘട്ടങ്ങളിലായി 17 ലക്ഷം പേർ പുതിയതായി ഇടം നേടുകയും ചെയ്‌തു. അന്തിമ വോട്ടർപട്ടികയിൽ 2,71,42,952 പേരാണുണ്ടായത്.











0 comments