ഈ വർഷം ലക്ഷ്യമിടുന്നത് 1,10,660 കോടിയുടെ തനത് വരുമാനം
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ വളർച്ച ; ഈ വർഷം പ്രതീക്ഷിത ചെലവ് 2 ലക്ഷം കോടി

ഒ വി സുരേഷ്
Published on Apr 06, 2025, 12:25 AM | 1 min read
തിരുവനന്തപുരം : പുതിയ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവായി ധനവകുപ്പ് പ്രതീക്ഷിക്കുന്നത് 2,00,354 കോടി രൂപ. ഇതുവരെയുള്ളതിലെ ഉയർന്ന ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷമായിരുന്നു. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവർഷത്തെ ചെലവ് 1.75 ലക്ഷം കോടി കടക്കും. നികുതി, നികുതിയേതര വരുമാനം ഉയർത്തിയാണ് കേരളം പിടിച്ചുനിൽക്കുന്നത്.
തനത് നികുതി വരുമാനം 2024–-25ൽ 81,627 കോടിയും നികുതിയേതര വരുമാനം 17,906 കോടിയുമായിരുന്നു. ആകെ 99,533 കോടി രൂപ. 2023–-24ൽ ഇത് 90,675 കോടിയായിരുന്നു. 8,858 കോടി രൂപയുടെ വർധന. ഈ സമ്പത്തികവർഷം 1,10,660 കോടിയാണ് സംസ്ഥാനത്തിന്റെ തനത് വരുമാനമായി ലക്ഷ്യമിടുന്നത്.
എൽഡിഎഫ് സർക്കാർ തുടർന്ന കഴിഞ്ഞ എട്ടുവർഷവും വരുമാന വർധന ലക്ഷ്യമിട്ട് സ്വീകരിച്ച നടപടികളാണ് വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് പിൻബലമായത്. നവകേരള നിർമിതിക്ക് വികസനക്ഷേമ പ്രവർത്തനങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്താൻ ബദൽ മാർഗങ്ങൾ സ്വീകരിച്ച് മുന്നേറുകയാണ് കേരളം.
യുഡിഎഫ് അധികാരത്തിലെത്തിയ ആദ്യ വർഷമായ 2011-–-12ൽ തനത് നികുതി വരുമാനം 25,718 കോടിയായിരുന്നു. 2016-–-17ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം ഇത് 42,176 കോടിയായി ഉയർന്നു. 2020–-21 ൽ കോവിഡ് കാലത്ത് നികുതിയേതര വരുമാനത്തിന്റെ ക്രമമായ വളർച്ച അൽപം പിന്നോട്ടുപോയെങ്കിലും അടുത്ത സാമ്പത്തിക വർഷം പ്രതിസന്ധിയും മറികടന്നു.









0 comments