print edition ഡിജിറ്റൽ സർവേ നിർത്തുന്നത് ഭൂമാഫിയയ്‌ക്കായി: കെ രാജൻ

കെ രാജൻ
തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായ കേരളത്തിലെ ഡിജിറ്റൽ റീ സർവേ നടപടി നിർത്തിവയ്‌ക്കുന്നത് ഭൂമാഫിയയ്‌ക്ക് സഹായകരമാകുമെന്ന് മുൻ റവന്യൂമന്ത്രി കെ രാജൻ എംഎൽഎ. എല്ലാ വകുപ്പുകൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം നടപ്പാക്കിയത്. ഡിജിറ്റൽ റീ സർവേ മുന്നോട്ടുകൊണ്ടുപോകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർവേയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നാലായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ഓഫീസുകൾ പൂട്ടുകയും ചെയ്തു. നാലു മാസത്തെ ശമ്പളംപോലും കൊടുക്കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. ഡിജിറ്റൽ റീസർവേ നിർത്തണമെന്ന് ആഗ്രഹിക്കുന്നത് ഭൂമാഫിയകളാണ്.
മഴക്കെടുതി ദുരന്തം നേരിടാൻ സജ്ജമാകുകയാണ് റവന്യൂ വകുപ്പിന്റെ ചുമതല. ഇപ്പോൾ അതുണ്ടായില്ല.
പല ക്യാമ്പുകളിലും വെള്ളവും വെളിച്ചവും അടിസ്ഥാന സൗകര്യങ്ങളുമില്ല. 2019ൽ എസ്ടിആർഎഫിൽനിന്നുള്ള ഫണ്ട് പഞ്ചായത്തുകൾക്ക് ഉപയോഗിക്കാൻ അനുവാദം കൊടുത്ത സംസ്ഥാനമാണ് കേരളം. എൽഡിഎഫ് ഭരണകാലത്ത് ജൂൺ മാസത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അതൊന്നും ഇപ്പോൾ നടത്താനായിട്ടില്ല. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments