ad
Deshabhimani

print edition കേരളത്തിൽ ലോൺ ആപ്പ് ചതിക്കുഴികൾ പെരുകുന്നു; വലിയ വില കൊടുക്കേണ്ടി വരും

Loan Scam
വെബ് ഡെസ്ക്

Published on Apr 22, 2026, 03:01 AM | 3 min read

കൊച്ചി : മൊബൈൽ ആപ്പിലൂടെ വെറും ആറായിരം രൂപ ലോണെടുത്ത പാലക്കാട്‌ ചിറ്റൂർ സ്വദേശിയായ യുവാവിന് പകരം നൽകേണ്ടിവന്നത്‌ സ്വന്തം ജീവൻ. ചിറ്റൂർ മേനോൻപാറ നല്ലുവീട്ടുച്ചള്ള അജീഷ് (36) ആണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ്‌ ആത്മഹത്യയെന്നാണ്‌ എല്ലാവരും കരുതിയത്. അജീഷിന്റെ ഫോണിലേക്ക് വന്ന ഭീഷണി കോളുകളും മെസ്സേജുകളും പിന്നീടാണ്‌ കണ്ടെത്തിയത്‌.


അജീഷിന്റെ ചിത്രത്തിനൊപ്പം മോർഫ്ചെയ്ത നഗ്നചിത്രങ്ങൾ ചേർത്ത് അയച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി ഉയർത്തിയതോടെയായിരുന്നു ആത്മഹത്യ. അജീഷിന്റെ മരണശേഷം മൊബൈൽ ഫോൺ ബന്ധുക്കൾ കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീടും നിരന്തരം വിളി വന്നു. ഫോണിന്റെ ഉടമ മരിച്ചെന്നും പൊലീസാണെന്നും പറഞ്ഞിട്ടും ഭീഷണി നിർത്തിയില്ല. പിന്നീട് വീഡിയോ കോൾ ചെയ്ത് പൊലീസ് സ്റ്റേഷനാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് കോളുകൾ നിന്നത്.


‘ഒന്ന്‌ വച്ചാൽ എല്ലാംപോകും’; ട്രേഡല്ല, ഫ്രോഡ്‌


കൊച്ചി : ‘ഒന്ന്‌ വച്ചാൽ രണ്ട്‌, രണ്ട്‌ വച്ചാൽ മൂന്ന്‌’ ഉത്സവപ്പറന്പിലെ കുലുക്കികുത്തിന്‌ സമാനമാണ്‌ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പരസ്യങ്ങൾ. ഫെയ്‌സ്ബുക്കിൽ വന്ന പരസ്യം കണ്ടാണ്‌ എറണാകുളം സ്വദേശി ഓൺലൈൻ ട്രേഡിങ്‌ ആപ്പിൽ പണം നിക്ഷേപിച്ചത്‌. അതും 25 കോടി രൂപ. ക്യാപ്പിറ്റലിക്സ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിങ്ങിലൂടെ പെട്ടെന്ന് ഉയർന്ന ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. 90 തവണകളായി 25 കോടി രൂപ തട്ടിപ്പുസംഘം കവർന്നു. 2023 മാർച്ച്‌ 15 മുതൽ ആഗസ്‌ത്‌ 29 വരെ 25 ബാങ്ക് അക്ക‍ൗണ്ടുകളിലേക്കാണ്‌ എറണാകുളം സ്വദേശി പണം അയച്ചുകൊടുത്തത്‌. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ലാഭവിഹിതമായി ലഭിച്ചു. വിശ്വാസമായതോടെയാണ്‌ 25 കോടി വീണ്ടും നിക്ഷേപിച്ചത്‌. ലാഭവിഹിതവും നിക്ഷേപവും തിരികെലഭിക്കാതായതോടെ പൊലീസിൽ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ഒരു സ്‌ത്രീ ഉൾപ്പെടെ മലയാളികളായ നാലുപേർ അറസ്‌റ്റിലായി.


സ്‌ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ്‌ ​


സമൂഹമാധ്യമത്തിലൂടെ എത്തിയ ഒരു സന്ദേശമായിരുന്നു ആദ്യ തുടക്കം. മാന്യമായി സംസാരിക്കുന്ന യുവതി. റിലയൻസ്‌ ക്യാപ്പിറ്റൽ ലിമിറ്റഡിന്റെ പേരിനോട്‌ സാമ്യമുള്ള കമ്പനി. യുവതിയുടെ വാക്‌ചാതുരിയിൽ വീണ ഹരിപ്പാട്‌ സ്വദേശിയായ 73കാരന്‌ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്‌ 8.08 കോടി രൂപയാണ്‌.


​ ഡോക്ടർമാരും കെണിയിൽ


loan scam


ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക്‌ 7.55 കോടി രൂപ നഷ്ടമായത്‌ 2024ലാണ്‌. ഓഹരിവിപണിയിലെ നിക്ഷേപത്തട്ടിപ്പിലാണ്‌ ചേർത്തല നഗരത്തിൽ ക്ലിനിക്‌ നടത്തുന്ന ദമ്പതികൾക്ക്‌ രണ്ടുമാസത്തിനിടെ കോടികൾ നഷ്ടമായത്‌. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷകസംഘം രാജ്യം മുഴുവൻ സഞ്ചരിച്ച്‌ കേസിലെ 18- പ്രതികളെ കുടുക്കി. രാജ്യന്തര സാമ്പത്തിക തട്ടിപ്പുസംഘം ഉൾപ്പെട്ട കേസിൽ തയ്‌വാൻ സ്വദേശികളായ വാങ്‌ ചുൻവെയ്‌ (സുമോക്ക–- 26), ഷെൻ വെയ്‌ഹൗ (കൃഷ്‌–- 35), മു ചി സുങ് (42), ചാങ് ഹു യുൻ (33) എന്നിവരും പിടിയിലായി. അന്വേഷണം ഇപ്പോഴും തുടരുകയാണ്‌.


​ പണം അയൽസംസ്ഥാനങ്ങളിലേക്ക്‌, പിന്നെ വിദേശത്തേക്ക്‌


ഓൺലൈൻ ട്രേഡിങ്‌ വഴി നേടിയെടുക്കുന്ന പണം ആന്ധ്രപ്രദേശ്‌, കർണാടകം, തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്കാണ്‌ ആദ്യം മാറ്റുക. ഇരുപതോ മുപ്പതോ അക്ക‍ൗണ്ടുകളിലേക്ക്‌ പണം പെട്ടെന്ന്‌ മാറ്റും. ഇ‍തിൽ 90 ശതമാനവും വിദേശത്തേക്ക്‌ കടത്തും. ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി ഗൾഫിൽവച്ച്‌ അത്‌ വീണ്ടും പണമാക്കി തിരികെ മാറ്റാറുമുണ്ട്‌. ​ ​


ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ്‌ 
34.8 ശതമാനം


സംസ്ഥാന വ്യാപകമായി കേരള പൊലീസ്‌ നടത്തിയ ‘ഓപ്പറേഷൻ സൈ ഹണ്ടി’ൽ മാർച്ചിൽ 382 കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. 300 കോടിയിലേറെ രൂപയുടെ സൈബർ തട്ടിപ്പുകൾ കേന്ദ്രീകരിച്ച്‌ മൂന്നുമാസം നടത്തിയ അന്വേഷണത്തിൽ 263 പേരാണ്‌ അറസ്‌റ്റിലായത്‌. പരാതികളിൽ 34.8 ശതമാനവും ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പുകളായിരുന്നു. ഓൺലൈൻ ജോലികളുടെ പേരിലുള്ള തട്ടിപ്പ്‌ 33 ശതമാനം. നിക്ഷേപതട്ടിപ്പുകൾ 6.5 ശതമാനം.


3 വർഷത്തിനിടെ; 15,000 പരാതികൾ


മൂന്നു വർഷത്തിനിടെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ (എൻസിആർപി) കേരളത്തിൽനിന്ന് ഏകദേശം 15,000 പേരാണ് ലോൺആപ്പുകൾക്കെതിരെ പരാതി നൽകിയത്. ഇതിൽ 284 പേർ മാത്രമാണ് തുടർനടപടി സ്വീകരിക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും തയ്യാറായത്. പരാതികളിൽ പരാമർശിക്കപ്പെട്ട 1836 ലോൺ ആപ്പുകൾ പൊലീസ്‌ ഇടപെട്ട്‌ ഡിലീറ്റ്‌ ചെയ്‌തു. മൂന്ന് വർഷത്തിനിടെ ഏഴ് ആത്മഹത്യകൾക്ക് ഇത്തരം ലോൺ ആപ് തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.


loan scam


70 കോടി രൂപയാണ് നഷ്ടപ്പെട്ടത്. 28 കോടി രൂപ തിരിച്ചുപിടിച്ചു. സ്വകാര്യ കന്പനി ജോലിക്കാർ, വീട്ടമ്മമാർ, ബിസിനസുകാർ, ഡ്രൈവർമാർ, വിദ്യാർഥികൾ, പെൻഷൻകാർ എന്നിവരാണ്‌ ലോൺ ആപ്പിന്റെ ചതിക്കുഴിയിൽ വീണത്‌. തട്ടിപ്പിനിരയായവരിൽ 32 ശതമാനം സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരും 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങൾക്കായി പണം കണ്ടെത്തേണ്ടിവരുന്ന 9.79 ശതമാനം വ്യാപാരികളും 4.37 ശതമാനം വിദ്യാർഥികളും തട്ടിപ്പിന്റെ ഇരകളാണ്. മലപ്പുറം, എറണാകുളം റൂറൽ, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ ആയിരത്തിലധികംവീതം ലോൺ ആപ് തട്ടിപ്പ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു.


തട്ടിപ്പുകാർ ഉത്തരേന്ത്യക്കാർ, 
പണം വിദേശത്തേക്ക്‌ ​


ലോൺ ആപ് തട്ടിപ്പിനുപിന്നിൽ പ്രവർത്തിക്കുന്നവർ കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണെന്നാണ്‌ കണ്ടെത്തൽ. ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌, ഡൽഹി, പശ്‌ചിമ ബംഗാൾ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലുള്ളവരാണ്‌ കൂടുതൽ. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി കംബോഡിയ, ചൈന, മലേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മാറ്റുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home