പൊലീസ് അനങ്ങുന്നില്ല
print edition ഗുണ്ടാരാജ്


റഷീദ് ആനപ്പുറം
Published on Jul 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം: പൊലീസിനെ കാഴ്‌ചക്കാരാക്കി കേരളം വീണ്ടും ഗുണ്ടകൾ കൈയടക്കിയതോടെ ജനങ്ങൾ ഭീതിയിൽ. ക്രമസമാധാനപാലനം തകർന്നതോടെ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും സജീവമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും തിരുവനന്തപുരത്തും കഴക്കൂട്ടം, കൊച്ചി ഐടി നഗരങ്ങളിലും ഗുണ്ടാരാജാണ്. എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷവും ഒതുങ്ങിയ ക്വട്ടേഷൻ സംഘങ്ങൾ ‘പണിക്കിറ’ങ്ങി.
തലസ്ഥാനത്ത് ഞായറാഴ്‌ച പട്ടാപ്പകലാണ് ആർഎസ്‌എസ് ക്രിമിനൽ സംഘങ്ങളുടെ ചേരിപ്പോരിൽ യുവാവ് കൊല്ലപ്പെട്ടത്. ആർഎസ്‌എസ് നേതൃത്വത്തിലുള്ള ഗുണ്ടകളാണ് തലസ്ഥാനത്ത് വിലസുന്നത്. ടെക്‌നോപാർക്കിൽ രാത്രി ജോലി കഴിഞ്ഞുവരികയായിരുന്ന ഐടി ജീവനക്കാരികളെ കാപ്പ കേസ് പ്രതി ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. പോത്തൻകോട്, ചിറ്റാറ്റുമുക്ക്, അയിരൂപ്പാറ എന്നിവിടങ്ങളിലും ഗുണ്ടാ ആക്രമണമുണ്ടായി. വെന്പായത്ത് ബാറിലെ തീവയ്‌പിൽ രണ്ടുപേർ മരിച്ചു. പിന്നാലെ പൊലീസ് ഭീഷണിയെ തുടർന്ന് ദൃക്‌സാക്ഷി ആത്മഹത്യ ചെയ്‌തു.
ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ആലപ്പുഴ ഹരിപ്പാട്ട് ശ്രീവത്സം സിൽക്സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിലെ പെട്ടിക്കട ഗുണ്ടകളെ ഉപയോഗിച്ച് ഇടിച്ചുപൊളിച്ചു. അർധരാത്രിക്കുശേഷം ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്. ആലപ്പുഴയിൽ അഖിലിനെ ഗുണ്ടാസംഘം കൊന്നതും കഴിഞ്ഞദിവസം.
കൊച്ചി തൃക്കാക്കരയിൽ യുവാക്കളെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു. പെരുമ്പാവൂരിൽ കഞ്ചാവുകച്ചവടക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടവിചാരണ നടത്തി ആറ് കോൺഗ്രസുകാർ മൂന്ന് യുവാക്കളുടെ തലമൊട്ടയടിച്ചു. ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ‘തൂഫാൻ വാരിയേഴ്‌സാ’ണെന്ന മറവിൽ കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കൊച്ചി നഗരമധ്യത്തിൽ ജൂൺ രണ്ടിനാണ് ചായ കുടിക്കാനിറങ്ങിയ വിദ്യാർഥിനികളെ പത്തംഗസംഘം അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ചത്. നഗരമധ്യത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും വൻ പ്രതിഷേധം ഉയർത്തി. അങ്കമാലി പുളിയനത്ത് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ലഹരിമാഫിയ ശ്രമിച്ചിരുന്നു. കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ച ‘ഗുണ്ടകളുടെ തൂഫാൻ’ യോഗവും കേരളത്തിന് നാണക്കേടായി.










0 comments