മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ തർക്കം മുറുകുന്നു; ഹൈക്കമാൻഡ് ഇടപെടൽ, നേതാക്കൾ നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. തർക്കം പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെട്ടതോടെ രമേശ് ചെന്നിത്തല, വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ നാളെ ഡൽഹിയിലേക്ക് തിരിക്കും.
എംഎൽഎമാരുടെ പിന്തുണ തേടി നിരീക്ഷകർ നടത്തിയ ചർച്ചകൾക്ക് പിന്നാലെ നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് തെരുവിലേക്ക് പടർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിളിപ്പിച്ചത്.
അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് എംഎൽഎമാർക്കിടയിൽ വലിയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത് പാർട്ടിയെ വെട്ടിലാക്കി. എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ പക്കലുള്ള എംഎൽഎമാരുടെ പട്ടികയുടെ ചിത്രം മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.
സന്ദീപ് വാര്യർ, അഡ്വ സജീവ് ജോസഫ്, അഡ്വ ടിഒ മോഹനൻ, ഉഷ വിജയൻ, അഡ്വ ടി സിദ്ദിഖ് എന്നിവർ കെസിയെ പിന്തുണയ്ക്കുന്നതായി ലിസ്റ്റിലുണ്ട്. ഐസി ബാലകൃഷ്ണൻ കെസിയെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണയ്ക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
പട്ടിക പുറത്തായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നടത്താനിരുന്ന വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കി. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വെച്ച് പകർത്തിയ ഈ ചിത്രം വ്യാജമാണെന്ന് പറഞ്ഞ് മുകുൾ വാസ്നിക് രംഗത്തെത്തിയെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.
ഗ്രൂപ്പ് താത്പര്യങ്ങൾ മാറ്റിവെച്ച് ജനവിധി മാനിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, അധികാരം പങ്കിടുന്നത് സംബന്ധിച്ച അനിശ്ചിതത്വം യുഡിഎഫ് ക്യാമ്പിലും ആശങ്ക പടർത്തുന്നു.











0 comments