print edition ഹൈക്കമാൻഡും വേണുഗോപാലിനൊപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രിത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ ഇടപെടൽ കെ സി വേണുഗോപാലിന്റെ മേൽക്കൈ അരക്കിട്ട് ഉറപ്പിക്കാനെന്ന് തെളിയുന്നു. വ്യാഴാഴ്‌ച എംഎൽഎമാരിലും മുതിർന്ന നേതാക്കളിൽ ബഹുഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണെന്ന് അറിയിച്ചതായാണ് വിവരം.
എല്ലാവരുടെയും അഭിപ്രായം കേട്ടെങ്കിലും നിയമസഭാ കക്ഷിയോഗത്തിലെ മുഖ്യ അജൻഡ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ‘ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി ’ എന്ന ഒറ്റവരി പ്രമേയമായിരുന്നു. നിരീക്ഷകരായ അജയ് മാക്കന്റെയും മുകുൾ വാസ്‌നിക്കിന്റെയും അഭിപ്രായത്തെ പിന്താങ്ങലേ ഇനി വഴിയുള്ളു. എംഎൽഎമാരുടെ അഭിപ്രായം നിരീക്ഷകർ കേൾക്കുമ്പോൾ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്-മുൻഷി ഇരിക്കരുതെന്ന സതീശന്റെ ആവശ്യത്തിനും വിലകൽപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് സന്ദേശം പുറത്തുവന്നതോടെയാണ് കടുത്ത ഭിന്നതയുമായി എംഎൽഎമാർ രംഗത്തെത്തിയത്. വി ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിംലീഗിനോട് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്നാണ് മാത്യൂ കുഴൽനാടന്റെ ഭീഷണി.
സതീശൻ കൃത്രിമമായ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ലെന്ന് സൂചന നൽകി പഴകുളം മധുവുമെത്തി. വേണുഗോപാലിന്റെ അറിവോടെയാണിതെല്ലാം. ഒന്നുകിൽ വേണുഗോപാൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കാരുണ്യത്തിൽ ചെന്നിത്തല എന്ന സന്ദേശമാണ് എംഎൽഎമാരിൽ ഭൂരിഭാഗവും നൽകുന്നത്.
എംഎൽഎമാരിൽ ആർക്കാണോ ഭൂരിപക്ഷം അവരാണ് നേതാവ് എന്ന മാനദണ്ഡത്തെ എതിർക്കാൻ സതീശന് യോഗ്യതയെന്താണെന്നാണ് വേണുഗോപാൽ പക്ഷക്കാർ ചോദിക്കുന്നത്. കൊച്ചി കോർപറേഷനിൽ മേയറാകാൻ ദീപ്തി മേരി വർഗീസിന് പൊതുസമ്മതിയുണ്ടായപ്പോൾ കൗൺസിലർമാരുടെ എണ്ണം കൊണ്ട് അട്ടിമറിച്ചത് സതീശൻ മറന്നുപോയോ എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. ഭരണപരിചയമുണ്ടോ എന്ന ചോദ്യത്തിനോട് സതീശൻ പ്രതികരിച്ചത് നരേന്ദ്രമോദിയെ ഉദാഹരിച്ചാണ്. പതിവ് ‘പാച്ചപ്പ് ’ സാധ്യതമാകില്ലെന്നതിന്റെ സൂചനയാണിത്.











0 comments