Deshabhimani

print edition ജന്മിത്വ കേരളത്തിൽനിന്ന്

Kerala PIravi
avatar
പുത്തലത്ത് ദിനേശൻ

Published on Nov 01, 2026, 01:30 AM | 2 min read

സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന കമ്യൂണിസ്റ്റ് പാർടി ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും വ്യാപൃതരായി. കേരള വികസനത്തെ സംബന്ധിച്ച രൂപരേഖ തന്നെ 1956 ജൂണിൽ പാർടി അംഗീകരിച്ചു. ഈ കാഴ്‌ചപ്പാടാണ് 1957ലെ പ്രകടനപത്രികയ്‌ക്ക് ആധാരമായത്. അതിൽ പറഞ്ഞ കാര്യങ്ങൾ ഭരണത്തിലെത്തിയപ്പോൾ നടപ്പാക്കാൻ തുടങ്ങി.


1957 ഏപ്രിലിൽ അധികാരത്തിലെത്തിയ ഉടൻ എല്ലാ കുടിയൊഴിപ്പിക്കലും അവസാനിപ്പിച്ച ഓർഡിനൻസും കൊണ്ടുവന്നു. എതിർപ്പുകൾ മറികടന്ന് നിയമസഭ കാർഷിബന്ധ നിയമം പാസ്സാക്കി. രണ്ടുവർഷം നീണ്ട ചർച്ചകൾക്കുശേഷം കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി ബില്ലയക്കുകയുംചെയ്തു. 1957 ജൂലൈ 13ന് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയാകണമെന്ന് നിഷ്‌കർഷിച്ചു.


അധ്യാപകർക്ക്‌ ആദ്യമായി ശമ്പള സ്‌കെയിൽ കൊണ്ടുവന്നു. സ്‌കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. പൊതുആരോഗ്യ സംവിധാനം ശക്തിപ്പെടുത്തി. ഭരണപരിഷ്‌ക്കാര കമീഷന്റെ ശുപാർശ പ്രകാരം 1958ൽ പഞ്ചായത്ത് രാജ് ബില്ലും 1959ൽ ജില്ലാ കൗൺസിൽ ബില്ലും നിയമസഭ പാസാക്കി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം കൊണ്ടുവന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചു. സാംസ്‌കാരിക രംഗത്ത് ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും നിലവിൽ വന്നു. സിവിൽ സർവീസിനെ ഏകീകരിച്ചു.


മുസ്ലീങ്ങൾക്ക് പൊലീസിലുണ്ടായിരുന്ന നിയന്ത്രണവും ആരാധനാലയങ്ങൾ നിർമിക്കുന്നതിലുള്ള തടസ്സങ്ങൾ നീക്കാനും നേതൃത്വം കൊടുത്തു. മാവൂർ ഗ്വാളിയോർ റയോൺസ്, പ്രീമിയം ടയേഴ്സ് തുടങ്ങിയ സ്വകാര്യ സംരംഭങ്ങളും അഞ്ഞൂറിൽപ്പരം ചെറുകിട ഫാക്‌ടറികളും നിലവിൽ വന്നു. പൊതുവിതരണം ശക്തിപ്പെടുത്തി. ആധുനിക കേരളത്തിന്‌ അടിത്തറയിട്ട ഈ സർക്കാരിനെതിരെ വിമോചന സമരം വലതുപക്ഷ ശക്തികൾ സംഘടിപ്പിച്ചു. ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കേന്ദ്രസർക്കാർ മന്ത്രിസഭയെ പിരിച്ചുവിട്ടു.


വിമോചന സമരത്തിനുശേഷം അധികാരത്തിൽ വന്ന വലതുപക്ഷ ശക്തികൾ പുരോഗമനപരമായ നിർദേശങ്ങളെയാകെ തകർക്കുന്ന നടപടികളിലേക്ക് കടന്നു. മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ഭൂപരിഷ്‌കരണ നിയമം ഇഷ്‌ടദാനത്തിലൂടെ തകർത്തു. നിർണയിക്കപ്പെട്ട മിച്ചഭൂമി 11 ലക്ഷം ഹെക്‌ടറിൽനിന്ന് 2.4 ലക്ഷം ഹെക്‌ടറായി കുറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സി ലിസ്റ്റിൽനിന്ന്‌ എടുക്കണമെന്ന നിയമവും റദ്ദാക്കപ്പെട്ടു. ജില്ലാ കൗൺസിൽ ബിൽ ഫലത്തിൽ ഉപേക്ഷിക്കപ്പെട്ടു. ഭാഷാ മാധ്യമം മലയാളത്തിലാക്കണമെന്ന തീരുമാനവും അട്ടിമറിക്കപ്പെട്ടു.


1967ലെ തെരഞ്ഞെടുപ്പിൽ എട്ടോളം നിയമസഭകളിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിലും ബംഗാളിലും കമ്യൂണിസ്റ്റ് പാർടി ഭരണത്തിലെത്തി. 1967ലെ സർക്കാരാണ് ഇന്ത്യയിലെ കാർഷിക പ്രതിസന്ധി സൃഷ്‌ടിച്ച ഭക്ഷ്യക്ഷാമത്തെ നേരിട്ടുകൊണ്ട് സ്റ്റാറ്റ്യൂട്ടറി റേഷൻ വ്യാപകമാക്കിയത്. മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാതെ എല്ലാ പാട്ടക്കുടിയാന്മാർക്കും സ്ഥിരാവകാശത്തിന് പട്ടയം നൽകാൻ തീരുമാനിച്ചു. സെക്കൻഡറി വിദ്യാഭ്യാസംവരെ പൂർണമായും സൗജന്യമാക്കി. സർവകലാശാലകളിൽ സെനറ്റും സിൻഡിക്കറ്റും കൊണ്ടുവന്ന് അവയെ ജനാധിപത്യവൽക്കരിച്ചു.


പഞ്ചായത്ത് രാജ് വീണ്ടും കൊണ്ടുവന്നു. സംവരണം സംബന്ധിച്ച് കൊണ്ടുവന്ന നെട്ടൂർ പി ദാമോദരൻ കമ്മിറ്റി കേരളത്തിലെ ആദ്യത്തെ സമഗ്ര ജാതി സർവേ നടത്തി. പിന്നോക്ക പ്രദേശമായ മലപ്പുറത്ത് ജില്ല രൂപീകരിച്ചു. പുരോഗമനപരമായ നടപടികളുമായി മുന്നോട്ടുപോയ സർക്കാർ ഭരണത്തിൽനിന്ന് പുറത്തുപോയതോടെ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലാകുന്ന നിലയുണ്ടായി. 1969 ഡിസംബർ 14ന് അമ്പലപ്പുഴയിൽ ചേർന്ന കർഷക–കർഷകത്തൊഴിലാളി കൺവൻഷൻ എ കെ ജിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.


പാസ്സാക്കിയ നിയമം 1970 ജനുവരി ഒന്നിന് പ്രാബല്യത്തിൽവരുമെന്ന്‌ കണക്കാക്കി പ്രഖ്യാപിച്ചു. ശക്തമായ പ്രക്ഷോഭമുയരുമെന്ന് കണ്ടപ്പോൾ സ്ഥിരാവകാശത്തിന് പട്ടയം നൽകാൻ ലാൻഡ്‌ ട്രൈബ്യൂണൽ രൂപീകരിക്കപ്പെട്ടു. ഇവയുടെയെല്ലാം പ്രവർത്തനം മന്ദഗതിയിലായതുകൊണ്ട് സമരം 1974 വരെ തുടർന്നു. 1980ലെ നായനാർ മന്ത്രിസഭ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് അധികാരത്തിൽ വരുന്നത്. കർഷകത്തൊഴിലാളികൾക്ക് പെൻഷനേർപ്പെടുത്തി. കയർ, കശുവണ്ടി, കൈത്തറിത്തൊഴിലാളികൾക്ക് ക്ഷേമനിധിയേർപ്പെടുത്തി. മാവേലി സ്റ്റോർ കൊണ്ടുവന്നു. ജില്ലാ കൗൺസിൽ നിയമത്തിന് ചട്ടങ്ങളുണ്ടാക്കി.


1987ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ വീണ്ടും ഭരണത്തിലേക്ക് വന്നു. രാജ്യത്താകമാനം വ്യാപിച്ച വർഗീയവൽക്കരണത്തിനും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയത്തിനുമെതിരെ ശക്തമായ പോരാട്ടം സർക്കാർ നടത്തി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിലെത്തി. തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്ക് രൂപീകരിച്ചു. കൊച്ചിയിൽ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കി. കേരളത്തെ സമ്പൂർണ സാക്ഷരത നേടുന്ന സംസ്ഥാനമാക്കി മാറ്റിയത് ഈ സർക്കാരിന്റെ ഇടപെടലിലൂടെയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home