അതിൽ എന്ത് സ്ത്രീവിരുദ്ധതയാണ്? 'മരുമകൾക്ക് പാചകരീതി പറഞ്ഞുകൊടുക്കണം'; പരാമർശത്തിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

വി ഡി സതീശൻ
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന വിവാദ പരാമർശത്തിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തന്റെ പ്രസംഗത്തിൽ എന്താണ് സ്ത്രീവിരുദ്ധതയെന്നും ചിലർ വിവാദം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്മമാർ അവരുടെ മക്കൾക്ക് പാചകരീതി പറഞ്ഞുകൊടുക്കണം എന്നാണ് താൻ പറഞ്ഞത്, പെൺമക്കൾക്ക് എന്ന് മാത്രമല്ല. അതിൽ എന്താണ് സ്ത്രീവിരുദ്ധതയുള്ളത്? മകന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞത് വീട്ടിലേക്ക് വരുന്ന പുതിയ അതിഥി ആയതിനാലാണ്. - സതീശൻ ന്യായീകരിച്ചു.
പാചകമടക്കമുള്ള വീട്ടുജോലികൾ ലിംഗഭേദമില്ലാതെ ചെയ്യണമെന്ന് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതിന് പകരമായിരുന്നു മുഖ്യമന്ത്രിയുടെ പിന്തിരിപ്പൻ പരാമർശം. ‘ചില അമ്മമാരോട് ഞാന്‍ പരാതി പറയാറുണ്ട്. അവര്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കും. പക്ഷേ മകന്റെ ഭാര്യയായി വരുന്നയാളിന് ഭക്ഷണത്തിന്റെ പ്രത്യേകതയും തയ്യാറാക്കുന്ന രീതിയും പറഞ്ഞു കൊടുക്കണം’– എന്നായിരുന്നു ചെങ്ങന്നൂരിൽ ‘പംപ' സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്യവെ സതീശൻ പറഞ്ഞത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ‘വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്‌തകങ്ങളിൽ വരുത്തി. എന്നിട്ടും’– മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറിച്ചു. ‘ചുമ്മാതല്ല, ജന്തർ മന്തറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു’–എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.










0 comments