ad
Deshabhimani

കേന്ദ്രം ശ്രമിക്കുന്നത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ: മുഖ്യമന്ത്രി

cm pinarayi.jpg
വെബ് ഡെസ്ക്

Published on Jan 12, 2026, 02:22 PM | 4 min read

തിരുവനന്തപുരം: എങ്ങനെയൊക്കെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും അടക്കം വിവിധ മേഖലകളിലെ അഭിമാന നേട്ടങ്ങൾ ഇല്ലാതാക്കുക; ക്ഷേമ പദ്ധതികൾ തകർക്കുക, കർഷകരെയും തൊഴിലാളികളെയും ജനങ്ങളെയാകെയും പ്രയാസപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പ്രധാന മന്ത്രിയുടെ പേരിൽ ആഘോഷപൂർവ്വം പ്രഖ്യാപിച്ച പദ്ധതികളുടെ ഫണ്ട് പോലും കേരളത്തിന് തടയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽ സത്യഗ്രഹ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നമ്മുടെ സംസ്ഥാനം ഒരു പോരാട്ടത്തിലാണ്. ഈ നാടിന്റെയും ജനതയുടെയും അതിജീവനത്തിന്റെ പോരാട്ടമാണിത്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനമെന്ന നിലയിൽ നമുക്ക് ഭരണഘടനാ പരമായി അർഹതപ്പെട്ട പലതും നമ്മിൽ നിന്ന് തട്ടിപ്പറിക്കുന്നു. സ്വന്തം കയ്യിലാണ് അമിതാധികാരം എന്ന് ധരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ വിവേചനപരമായി പിടിച്ചുപറിക്കുന്ന നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സമരം ചെയ്യാൻ നിർബന്ധിതരാവുന്ന അസാധാരണ സാഹചര്യമാണ് ഇന്നുള്ളത്.


സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കേന്ദ്ര സർക്കാരിലുള്ള അമിതമായ അധികാര കേന്ദ്രീകരണമാണ്. നമ്മുടെ രാജ്യം നേരിടുന്ന സംസ്ഥാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണിത്. നിയമനിർമ്മാണ സഭകൾ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നു. സംസ്ഥാന വിഷയങ്ങളിൽ കയറി നിയമനിർമാണം നടത്തുന്നതുൾപ്പെടെയുള്ള ജനാധിപത്യവിരുദ്ധ നടപടികൾ അഭംഗുരം തുടരുകയാണ്. തങ്ങൾക്ക് ഇഷ്ടമുള്ള സർക്കാരാണ് സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ളതെങ്കിൽ വിവേചനാധികാരം ഉപയോഗിച്ച് അവർക്ക് ഗ്രാൻറുകൾ വാരിക്കോരി നൽകുകയാണ്. ഗ്രാൻ്റുകൾ നൽകുന്നതിൽ എതിർപ്പില്ല- എന്നാൽ മാനദണ്ഡാനുസൃതമായാണ് നൽകേണ്ടത് - തങ്ങൾക്ക് രാഷ്ട്രീയമായി യോജിപ്പില്ലാത്ത രാഷ്ട്രീയ കക്ഷികൾ നയിക്കുന്ന സർക്കാരുകൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു. 2018 ലെ പ്രളയകാലത്ത് കേരളത്തിന് ലഭിക്കുമായിരുന്ന വിദേശ സഹായത്തിന് അനുമതി നിഷേധിച്ചതും വയനാട് പ്രകൃതി ദുരന്തത്തിന് അർഹമായ സഹായം നിഷേധിച്ചതും നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്.


കേരളം ജനസംഖ്യ നിയന്ത്രണത്തിൽ ഉൾപ്പെടെ കൈവരിച്ച ഗണ്യമായ നേട്ടങ്ങൾ കാരണം ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതം നമുക്ക് ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. 2000- 05 കാലത്ത നമ്മുടെ നികുതി വിഹിതം 3.05 ശതമാനം ആയിരുന്നു. അത് 2020 - 26 ൽ 1.92 ആയി കുറഞ്ഞു. ഈ സാമ്പത്തിക സമ്മർദ്ദം സംസ്ഥാനം നേരിടുമ്പോഴാണ് ഗ്രാൻറുകളുടെ കാര്യത്തിലും വായ്പാ പരിധിയുടെ കാര്യത്തിലും കേന്ദ്രത്തിൻ്റെ വിവേചനസമീപനം കൂടി ഉണ്ടാവുന്നത്.


ജനാധിപത്യവിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുന്ന കേന്ദ്ര സർക്കാരിനെതിരെ ബഹുജനാഭിപ്രായം ഉയർന്നുവരേണ്ടത് ഫെഡറൽ, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമാണ്. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ പോലും ഒരു അഭിപ്രായ സമന്വയമുണ്ടാക്കാൻ കോൺഗ്രസ്സും യുഡിഎഫും തയ്യാറാകുന്നില്ല. തീർത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ സാമ്പത്തികമായി ഞെരുങ്ങുന്നു എങ്കിൽ തങ്ങൾക്ക് അതിൽ നിന്ന് എന്ത് ലാഭം എന്ന കാഴ്ചപ്പാടാണ് ഇവിടത്തെ പ്രതിപക്ഷത്തിനുള്ളത്. ഇത് സംസ്ഥാന താൽപ്പര്യങ്ങൾക്ക് തീർത്തും എതിരായ സമീപനമാണ്. കേരളം നേരിടുന്ന വിവേചനത്തിനെതിരെ മുഴുവൻ ജനവിഭാഗങ്ങളേയും അണിനിരത്തി അതിശക്തമായി ശബ്ദമുയർത്തുക എന്ന കടമയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ അവസരത്തിൽ നിറവേറ്റുന്നത്.


കേന്ദ്രത്തിൻ്റെ വിവേചനപരമായ സാമ്പത്തിക സമീപനം കാരണം നാം നേരിടുന്ന പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ ധൂർത്തുകൊണ്ടാണെന്നാണ് വ്യാജ പ്രചരണം അഴിച്ചുവിടുന്നത്. കേരളത്തിൽ ധൂർത്ത് കാരണം കടക്കെണിയാണെന്നാണ് പ്രചരണം. സി ആൻഡ് എജി ഏറ്റവും ഒടുവിൽ (2025 ഡിസംബറിൽ) പുറത്തിറക്കിയ റിപ്പോർട്ടിലെ പട്ടിക 5.2 പ്രകാരം 2023-24 ലെ കടമെടുപ്പിൻറെ 56.29 ശതമാനം മൂലധന ചെലവുകൾക്കായാണ് വിനിയോഗിച്ചിട്ടുള്ളത്. കേരളം നിത്യനിദാന ചെലവുകൾക്കായി കടമെടുത്ത് മുടിയുന്ന സംസ്ഥാനമാണെന്നുള്ള ദുഷ്പ്രചാരണം ഇതിലൂടെ പൊളിയുകയാണ്.


കേരളത്തിൽ നികുതി പിരിവില്ല, കടക്കെണിയാണ് എന്നീ ദുഷ്പ്രചരണങ്ങൾ ഈ കണക്കുകളിലൂടെ പൊളിഞ്ഞുവീഴുകയാണ്. സമൂഹത്തിൽ സർക്കാരിനെതിരെ നടത്തുന്ന വ്യാജനിർമ്മിതിയുടെ ആഴം എത്രയാണെന്ന് തെളിയിക്കുന്ന അനുഭവമാന് ഇത്. ഇവിടെ നിന്നുകൂടി പിരിഞ്ഞുകിട്ടുന്ന നികുതിയാണ് കേന്ദ്രത്തിൻ്റെ വരുമാനം. അതിൻറെ ഒരു ഭാഗം നികുതി വിഹിതമായും ഗ്രാൻറുകളായും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത് കേന്ദ്രത്തിൻ്റെ ഭരണഘടനാ ബാധ്യതയാണ്. ഇത് ഒരു തരത്തിലും ഔദാര്യമല്ല. വസ്തുത ഇതായിരിക്കെ കേന്ദ്രാവിഷ്കൃത പദ്ധതികളെ രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാകുന്നത്. ബ്രാൻറിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പറഞ്ഞുകൊണ്ട് സംസ്ഥാനത്തിനുള്ള സഹായം തടഞ്ഞുവയ്ക്കുകയാണ്.


ഇതൊന്നുംകൊണ്ട് കേരളത്തെ തകർക്കാനോ തളർത്താനോ പറ്റുന്നില്ലെന്ന് കേന്ദ്ര സർക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനുമൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതങ്ങളിൽ ഇത്രയേറെ കുറവുണ്ടായിട്ടും കേരളത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും പുതിയ വ്യവസായങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പണം ചെലവഴിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്.

ക്ഷേമാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതി, യുവജനതയ്ക്കായുള്ള കണക്ട് ടുവർക്ക് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ വിപുലീകരണം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ ഡി.ആർ കുടിശ്ശിക അനുവദിക്കൽ തുടങ്ങിയ തീരുമാനങ്ങൾ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ ജനപക്ഷ നിലപാടുകൾ അംഗീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിൻ്റെ നിലപാടാണ് വായ്പാനുമതി വെട്ടിക്കുറയ്ക്കലിൽ പ്രകടമായത്.


ഒരു വശത്തുകൂടി നൂണപ്രചാരണം നടത്തുക മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേരള വിരുദ്ധ സമീപനത്തിലെ യുഡിഎഫിൻ്റെ പങ്കാളിത്തത്തിന് ഉദാഹരണമാണ് കോഴിക്കോട്ടേയും കൊല്ലത്തേയും എംപിമാർ കേരളത്തിലെ റേഷൻ മുടക്കാനും സഹകരണ മേഖലയെ തകർക്കാനും കഴിയുമോ എന്നനിലയിലുള്ള ഇടപെടൽ നടത്താൻ പാർലമെൻ്റിൽ ശ്രമിച്ചത്. അതിനായി ചോദ്യോത്തര വേളയെ ഉപയോഗിക്കാനും ഇവർ മടിച്ചില്ല.


കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് അർഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിന് കഴിയണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾതൊട്ട് പാർലമെൻ്റുവരെ വ്യത്യസ്തമായ പാർട്ടികൾക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപ്പെട്ട കേരളീയർക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങൾക്കും വിപുലമായ ആനുകൂല്യങ്ങൾ കിട്ടുമ്പോൾ കേരളത്തിന് അർഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

ഇവിടെ നടത്തുന്ന ഈ പ്രക്ഷോഭം ആദ്യത്തേതല്ല നമ്മുടെ അവകാശങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളിൽ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതുപോലെ കേന്ദ്രത്തിന് വഴങ്ങുന്ന ഒരു നയസമീപനമല്ല സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. ബദൽ നയമാണ് നാം ഇവിടെ നടപ്പാക്കുന്നത്. ബിജെപി സർക്കാരിനെതിരെ കോടതിയിൽ പോകാനും ശക്തമായ പ്രക്ഷോഭം നടത്താനും കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമേ തയ്യാറായിട്ടുള്ളൂ.


ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ഫെഡറലിസത്തെയും ജനാധിപത്യ മൂല്യങ്ങളെയും മതനിരപേക്ഷതയെയും കടന്നാക്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ വികലമായ നയങ്ങൾ ലോകത്തിനു മുന്നിൽ അനിതരസാധാരണമായ നേട്ടങ്ങൾ കാഴ്ചവച്ച കേരളത്തിൻ്റെ വികസന പരിപ്രേക്ഷ്യത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. കോൺഗ്രസിൻ്റെയും യുഡിഎഫിൻറെയും പൂർണ്ണ സമ്മതത്തോടുകൂടി കേന്ദ്രസർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ അഭിപ്രായവ്യതാസങ്ങളും മാറ്റിവച്ചുകൊണ്ടുള്ള ജനകീയ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയർന്നുവരുന്നതിൻ്റെ മുന്നറിയിപ്പാണ് നാം ഇവിടെ നടത്തുന്ന സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home