print edition "മുഖ്യമന്ത്രിക്കസേര' തർക്കം; കളി കാര്യമാകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രിക്കസേര തർക്കം ഇനി രൂക്ഷമാകും. നിലവിലുള്ള പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശനും മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമായുള്ള മത്സരത്തിൽ ഹൈക്കമാൻഡിന്റെ നോമിനിയായി കെ സി വേണുഗോപാൽ എത്തുമോ എന്ന് കണ്ടറിയണം.
ആഹ്ലാദ പ്രകടനങ്ങളിലെല്ലാം ഇവർ മൂന്നുപേരുടെയും ഫ്ലക്‌സ് വെവ്വേറെ ഉയർത്തി പ്രവർത്തകർ എത്തിയിരുന്നു. ബോർഡുകൾക്കും ബാനറുകൾക്കും പുറമെ പത്രപരസ്യങ്ങളും ഡോക്യുമെന്ററികളും സൈബറിടത്തെ പോരാട്ടവുമെല്ലാമുള്ള തർക്കം ഹൈക്കമാൻഡ് വിലക്കിയിട്ടും അവസാനിപ്പിച്ചിരുന്നില്ല. മുഖ്യമന്ത്രി തർക്കത്തിൽ എംഎൽഎമാരുടെ പിന്തുണ പ്രധാനമാണ്. 2021ൽ പ്രതിപക്ഷ നേതാവിനെ നിശ്‌ചയിച്ചപ്പോൾ ചെന്നിത്തലയ്‌ക്കായിരുന്നു കൂടുതൽ പിന്തുണയെങ്കിലും ഹൈക്കമാൻഡ് വി ഡി സതീശനെ നിശ്‌ചയിച്ചു.
മന്ത്രിമാരെ നിശ്‌ചയിക്കലും കീറാമുട്ടിയാകും. ആകെ നിയമസഭാംഗങ്ങളുടെ 15 ശതമാനമാണ് പരമാവധി മന്ത്രിമാരുടെ എണ്ണം. അതനുസരിച്ച് 21 വരെയേ ആകാവൂ. സീനിയർ നേതാക്കളിൽ പലരും മന്ത്രിക്കുപ്പായം തുന്നിക്കഴിഞ്ഞു. കോൺഗ്രസിൽ ഏഴ് വനിതകൾ ജയിച്ചിട്ടുണ്ട്. അവരിൽ ആർക്ക് നറുക്കുവീഴുമെന്നതിലും തർക്കമാകും. മുസ്ലിംലീഗ് ആറു മന്ത്രിമാരെ ആവശ്യപ്പെടുമെന്നാണ് സൂചന.
കേരള കോൺഗ്രസിനും ഒന്നിലേറെ മന്ത്രിമാർ എന്ന ആവശ്യമുണ്ട്. ഇവരെയെല്ലാം തൃപ്‌തിപ്പെടുത്തി വേണം കോൺഗ്രസിലെ മന്ത്രിത്തർക്കം തീർക്കാൻ. മുഖ്യമന്ത്രിയാരെന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.











0 comments