print edition വിദ്യാഭ്യാസ വകുപ്പിൽ മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടൽ: താൽക്കാലിക പട്ടിക വെട്ടി ഇഷ്‌ടക്കാരെ ചേർത്തു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലുള്ള വിവിധ ഏജൻസികളിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ചുവരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ വെട്ടി. പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള പേരുകൾ എഴുതിച്ചേർത്ത് ഫയൽ തിരിച്ചയച്ചു. മൂന്ന് ആഴ്‌ചമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയൽ വിളിച്ചുവരുത്തി അസാധാരണ നടപടിയെടുത്തത്.
ബിആർസി, എസ്എസ്‌കെ, എസ്‌സിഇആർടി ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങളിലാണ് സതീശന്റെ ഇടപെടൽ. ഇതിൽ 150 ബിആർസി കോർഡിനേറ്റർമാരുടെ നിയമന ഉത്തരവ് ശനിയാഴ്‌ച പുറത്തിറങ്ങി. ബിആർസികളിലെ ട്രെയിനർമാരുടെ നിയമന പട്ടിക ഇനിയും ആയിട്ടില്ല. നിലവിലുണ്ടായിരുന്നവരെ പിരിച്ചുവിടുകയും പുതിയ നിയമനം നടത്താതിരിക്കുകയും ചെയ്‌തതോടെ ഒരുമാസമായി സംസ്ഥാനത്തെ ബിആർസികളുടെ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണ്. ഇൗ നിയമന പട്ടികയിലും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ നീക്കത്തിൽ വിദ്യാഭ്യാസ വകുപ്പിലും ലീഗിലും വലിയ അമർഷമുണ്ട്. യുഡിഎഫ് എംഎൽഎമാരുടെയും മണ്ഡലങ്ങളിലെ യുഡിഎഫ് നേതൃത്വത്തിന്റെയും ശുപാർശ അനുസരിച്ച് മുസ്ലിം ലീഗ് നേതൃത്വമായി ആശയവിനിമയം നടത്തിയാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ ഓഫീസ് പട്ടിക തയ്യാറാക്കിയത്.
രാഷ്‌ട്രീയ നിയമനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂട്ടപിരിച്ചുവിടലും നടന്നിരുന്നു. മുൻകാലങ്ങളിൽ യോഗ്യത മാനദണ്ഡമാക്കി നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്. തുടർന്ന് തയ്യാറാക്കിയ താൽക്കാലിക നിയമനങ്ങളുടെ അന്തിമ പട്ടികയിലാണ് മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടലും ഇഷ്‌ടക്കാരെ ചേർക്കലുമുണ്ടായത്. വി ഡി സതീശൻ കൂടിയാലോചനകള്‍ ഇല്ലാതെ മുന്നോട്ടുപോകുന്നുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശത്തിനുപിന്നാലെയാണ് വിദ്യാഭ്യാസവകുപ്പിലെ നടപടി.









0 comments