ad
Deshabhimani

print edition ഇനിയും മാറ്റിപ്പറയുമോ; നിക്ഷേപക ചർച്ചയിൽ വീണ്ടും മലക്കംമറിഞ്ഞ്‌ മുഖ്യമന്ത്രി

udf
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Aug 06, 2026, 01:44 AM | 1 min read

തിരുവനന്തപുരം : സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക്‌ അടിയന്തരയാത്ര നടത്തിയതിൽ വീണ്ടും മലക്കംമറിഞ്ഞ്‌ മുഖ്യമന്ത്രി. സ്വകാര്യനിക്ഷേപക ഗ്രൂപ്പുമായി ചർച്ചയ്‌ക്ക്‌ പോയതാണെന്ന്‌ തിങ്കളാഴ്‌ച പറഞ്ഞ സതീശൻ ബുധനാഴ്‌ച വീണ്ടും ചുവടുമാറ്റി. താൻ എറണാകുളത്തുള്ളതുകൊണ്ടാണ്‌ നിക്ഷേപകരെ അവിടെ കാണാൻ തീരുമാനിച്ചതെന്നായിരുന്നു ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ മറുപടി. നിക്ഷേപകരെ ചിലപ്പോൾ രഹസ്യമായി കാണേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആരെയാണ്‌ കണ്ടതെന്ന്‌ വെളിപ്പെടുത്താൻ ബുധനാഴ്‌ചയും തയ്യാറായില്ല.


പൊലീസ്‌, ഇന്റലിജൻസ്‌ രേഖകളിലൊന്നും മുഖ്യമന്ത്രിയും സ്വകാര്യ നിക്ഷേപകരുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരമില്ലെന്നത്‌ പുറത്തുവന്നതോടെയാണ്‌ മുൻവാക്ക്‌ വിഴുങ്ങിയത്‌. ചിലപ്പോൾ രഹസ്യ കൂടിക്കാഴ്‌ച വേണ്ടിവരുമെന്ന പരാമർശവും ആവർത്തിച്ച്‌ മുഖ്യമന്ത്രി കള്ളം പറയുന്നതും കൂടുതൽ സംശയത്തിനിടയാക്കുന്നു.


ഭാര്യാപിതാവിനെ കാണാൻ കൊച്ചിയിലേക്ക്‌ ഹെലികോപ്‌റ്ററിൽ പോയത്‌ വിവാദമായപ്പോഴാണ്‌ നിക്ഷേപക ഗ്രൂപ്പ്‌ പ്രതിനിധികളെ സന്ദർശിക്കാനായിരുന്നു യാത്രയെന്ന്‌ വെളിപ്പെടുത്തിയത്‌. എന്നാൽ വെള്ളിയാഴ്‌ച മുഖ്യമന്ത്രിക്ക്‌ എറണാകുളത്ത്‌ ഒ‍ൗദ്യോഗിക പരിപാടികൾ ഇല്ലായിരുന്നു. അന്ന് ആലുവയ്‌ക്കടുത്തുള്ള ദേശത്തെ വീട്ടിൽനിന്ന്‌ മുഖ്യമന്ത്രി എവിടെയും പോയില്ലെന്നും സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ ഇതേപ്പറ്റിയുള്ള ചോദ്യത്തിൽനിന്ന്‌ ആദ്യം ഒഴിഞ്ഞുമാറി.


കഴിഞ്ഞദിവസം എല്ലാം പറഞ്ഞെന്നായിരുന്നു മറുപടി. എന്നാൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച്‌ ചോദിച്ചപ്പോഴാണ്‌ മാറ്റിപ്പറഞ്ഞത്‌. സത്യപ്രതിജ്ഞയ്‌ക്കുമുമ്പ്‌ ചാർട്ടേഡ്‌ വിമാനത്തിൽ സതീശൻ മംഗളൂരുവിൽ അദാനി പ്രതിനിധിയെയും എൻഡിഎ നേതാവിനെയും സന്ദർശിച്ചതിന്റെ ദുരൂഹത ഇതുവരെയും നീങ്ങിയിട്ടില്ല.


സതീശൻ തിങ്കളാഴ്‌ച


‘ഒരു ഇൻവെസ്റ്റ്‌മെന്റ്‌ ഗ്രൂപ്പ്‌ കൊച്ചിയിൽ ഉണ്ടായിരുന്നു. അവരെ കാണാൻവേണ്ടിയാണ്‌ ഞാൻ പോയത്‌. അവർ രാത്രി ഡിന്നർ മീറ്റിങ്ങിന്‌ കാണാമെന്നാണ്‌ പറഞ്ഞത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ കണ്ടശേഷമാണ്‌ അവർ കൊച്ചിയിൽ വന്നത്‌. ഞാൻ വന്ദേഭാരതിൽ ബുക്ക്‌ ചെയ്‌തിരുന്നു, രാത്രി അവിടെയെത്തി അവരോട്‌ സംസാരിക്കാൻ. അവർക്ക്‌ അത്യാവശ്യമായി ഡൽഹിയിലേക്ക്‌ പോകണമെന്ന്‌ അറിയിച്ചു. അതിനുമുമ്പ്‌ കാണണമെന്നതുകൊണ്ടാണ്‌ ഹെലികോപ്‌റ്ററിൽ പോയത്‌’.


സതീശൻ ബുധനാഴ്‌ച


‘നിക്ഷേപകരിൽ ചിലരെ രഹസ്യമായി കാണേണ്ടിവരും. അല്ലാതെയും കാണേണ്ടിവരും. 
 ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്നുകാണും. അന്ന്‌ ഞാൻ എറണാകുളത്ത്‌ ഉള്ളതുകൊണ്ടാണ്‌ എറണാകുളത്ത്‌ കാണാമെന്ന്‌ പറഞ്ഞത്‌’.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home