ആ കവറിലെ പേര് വേണുഗോപാലിന്റേതെന്ന് അണികൾ; അവസാനവട്ട ചർച്ച തുണച്ചെന്ന് സതീശൻ- ചെന്നിത്തല ക്യാമ്പുകൾ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള പിടിവലി തുടരവെ ഹൈക്കമാൻഡ് ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ചർച്ച പൂർത്തിയായെന്നും വ്യാഴാഴ്‌ച പ്രഖ്യാപനമുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചിരുന്നു. വ്യാഴം പകൽ ഒന്നിന് കേരളത്തിൽ കോൺഗ്രസ് നിയമസഭാകക്ഷി യോഗംചേരും. ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി യോഗത്തിലെത്തിക്കും.
അതേസമയം, കോൺഗ്രസിലെ മൂന്ന് ഗ്രൂപ്പുകളും അവസാനനിമിഷവും സമ്മർദം ശക്തമാക്കിയിട്ടുണ്ട്. എംഎൽഎമാരുടെ വലിയ പിന്തുണയാണ് കെ സി വേണുഗോപാലിന് സാധ്യത നൽകുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അടുത്ത ബന്ധവും തുണയാകുമെന്ന് കരുതുന്നു. ഹൈക്കമാൻഡ് മുദ്രവെച്ച കവറിൽ എഴുതിയപേര് വേണുഗോപാലിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അനുയായികൾ.
എന്നാൽ ഘടകകക്ഷികൾ ചെലുത്തിയ സമ്മർദം ഫലം കണ്ടെന്നാണ് വി ഡി സതീശന്റെ അനുയായികളുടെ പ്രതികരണം. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തത്വത്തിൽ ധാരണയായെങ്കിലും സതീശന് വേണ്ടിയുള്ള മുസ്ലിംലീഗിന്റെ കടുത്ത സമ്മർദം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ബുധനാഴ്‌ച രാവിലെ കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ ഒരു ഘടകകക്ഷിയുടെ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൂടി ലഭിച്ചതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ ആശയക്കുഴപ്പത്തിലായി. ആലുവയിലെ വീട്ടിൽനിന്ന് സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
വലിയ പൊട്ടിത്തെറി ഒഴിവാക്കാൻ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുമെന്ന് കരുതുന്നവരുമുണ്ട്. ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ തുടരുകയാണ്. മുതിർന്ന നേതാവെന്ന പരിഗണനയും അനുഭവപരിചയും ചെന്നിത്തലയ്ക്ക് തുണയാകുമെന്ന് അണികൾ വിശ്വസിക്കുന്നു.










0 comments