print edition മുഖ്യമന്ത്രിയും മന്ത്രിമാരും ഒടുവിൽ എത്തി 11–ാം നാൾ

തിരുവനന്തപുരം: ഉറ്റവർക്കായുള്ള തീരജനതയുടെ നിലവിളി കണ്ടില്ലെന്ന് നടിച്ച സർക്കാരിന് ജനരോഷം ഭയന്ന് ഒടുവിൽ കണ്ണ് തുറക്കേണ്ടിവന്നു. അച്ഛനും ഭർത്താവും നഷ്‌ടപ്പെട്ട വേദനയുടെ ആഴത്തിലും ‘മകന്റെ ശരീരമെങ്കിലും തരൂ’ എന്ന് വിലപിക്കുന്ന അമ്മയ്‌ക്കും കൈക്കുഞ്ഞുങ്ങളുമായി പെരുമഴയത്ത് സമരത്തിന് ഇറങ്ങേണ്ടിവന്ന ഭാര്യയ്‌ക്കും അച്ഛനുവേണ്ടി ദിവസവും വാദിക്കേണ്ടിവരുന്ന മക്കൾക്കും ചെവികൊടുക്കാൻ സർക്കാരിന് വേണ്ടിവന്നത് 11 ദിവസം.
കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്‌ണന്റെ വീട്ടിൽ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ഷിബു ബേബി ജോണും തിരുവനന്തപുരം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെയും വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിന്റെയും വീട്ടിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി ഇ അബ്ദുൾ ഗഫൂറുമാണ് തിങ്കളാഴ്ച എത്തിയത്.
‘ആദ്യമായല്ല മൂന്നു മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതാകുന്നത്’ എന്നായിരുന്നു ഞായറാഴ്‌ച മുഖ്യമന്ത്രിയുടെ ക്രൂര പ്രതികരണം. അവഹേളനത്തിൽ അമർഷം പുകയുന്നതിനിടെ, ഇനിയും വൈകുന്നത് പന്തിയല്ലെന്ന് കണ്ടാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ, രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം വീണ്ടും നിഷേധിച്ചു. ‘ഭരണകൂടത്തോട് പ്രതിഷേധം സ്വാഭാവികമാണ്. ഭരണത്തലവൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വിമർശനം ഉണ്ടാകുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിഷേധം ഭയന്ന് ഫിഷറീസ് മന്ത്രി വി ഇ അബദുൾ ഗഫൂർ, മന്ത്രി രമേശ് ചെന്നിത്തലയെയും എംഎൽഎമാരെയും കൂട്ടിയാണ് കുടുംബങ്ങളെ സന്ദർശിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടും തെരച്ചിലെ അലംഭാവം വലിയ പ്രതിഷേധമുണ്ടാക്കിയപ്പോഴും വകുപ്പ് മന്ത്രി തീരത്ത് എത്തിയില്ല. ‘തീരദേശത്ത് പോയാൽ അറിയാലോ’ എന്ന പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ജോണിന്റെ മക്കൾ ആവർത്തിച്ചു.










0 comments