കേരളം ഉൾപ്പടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി പഠനം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി പഠനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയുമാണ് വിശകലനം ചെയ്തത്.
കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതയ്ക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനത്തിൽ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. 1901-നുശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം കൂടിയാണിത്. വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞപ്പോൾ ആറ് ജില്ലകളിൽ മഴ സാധാരണ പോലെ ലഭിച്ചു. ദീർഘകാല മഴയുടെ പ്രവണതകൾക്കൊപ്പം ഓരോ മൺസൂൺ കാലത്തെയും വ്യതിയാനങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും പഠനത്തിൽ പറയുന്നുണ്ട്.
കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ ജലവിഭവ പരിപാലനത്തെയും കാർഷിക ആസൂത്രണത്തെയും സ്വാധീനിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐഎംഡി ശാസ്ത്രജ്ഞൻ അനന്യ കർമാകറും ഐഎംഡി ഡയറക്ടർ ജനറൽ ഓഫ് മീറ്റിയറോളജി മൃത്യുഞ്ജയ് മൊഹപാത്രയും ചൂണ്ടിക്കാട്ടി. അതിനാൽ ദീർഘകാല കാലാവസ്ഥാ പ്രവണതകൾക്കും ഓരോ സീസണിലെയും മഴയിലെ ഏറ്റക്കുറച്ചിലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്നും പഠനം ആവശ്യപ്പെടുന്നു.









0 comments