print edition പ്രതിഫലമില്ലാതെ സെൻസസ് ചുമതലക്കാർ

എ ഐ നിർമിത ചിത്രം
കണ്ണൂർ: സംസ്ഥാനത്ത് ആദ്യഘട്ട സെൻസസ് പ്രവർത്തനം അവസാനിച്ച് മൂന്നാഴ്‌ച കഴിഞ്ഞിട്ടും എന്യൂമറേറ്റർമാർക്കും മാസ്‌റ്റർ, ഫീൽഡ് ട്രെയിനർമാർക്കും ഒരുരൂപപോലും പ്രതിഫലംനൽകാതെ സംസ്ഥാന സർക്കാർ. 73.28 കോടിരൂപ കേന്ദ്രഫണ്ട് ലഭിച്ചിട്ടും സംസ്ഥാനസർക്കാർ തുക പിടിച്ചുവച്ചിരിക്കുകയാണ്. മാസ്‌റ്റർ, ഫീൽഡ് ട്രെയിനർമാർക്ക് കലക്ടറേറ്റിൽനിന്ന് നേരിട്ടും മറ്റുള്ളവർക്ക് താലൂക്കുതല ചാർജ് ഓഫീസർമാരുമാണ് പണം കൈമാറേണ്ടത്.
സെൻസസ് ആവശ്യങ്ങൾക്ക് എന്യൂമറേറ്റർമാരുടെയും ട്രെയിനർമാരുടെയും പ്രതിഫലയിനത്തിൽ 69.72 കോടി രൂപയും അടിസ്ഥാന സൗകര്യമൊരുക്കൽ, വാഹന വാടകയുൾപ്പെടെ മറ്റാവശ്യങ്ങൾക്ക് 3.55 കോടിയുമാണ് അനുവദിച്ചത്. ജില്ലാ ട്രഷറികളിലേക്ക് കൈമാറിയ പണം ഉടൻ വിതരണംചെയ്‌ത് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവശ്യപ്പെട്ട് ഇൗമാസം നാലിന് പൊതുഭരണവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.
200 കെട്ടിടംവീതമുള്ള 59,300 സെൻസസ് ബ്ലോക്കുകളാണ് സംസ്ഥാനത്തുള്ളത്. ഒരാൾക്ക് പരമാവധി 200 വീട് എന്നായിരുന്നു വാദമെങ്കിലും 300 മുതൽ 350 വരെ വീട് കയറേണ്ടിവന്നവരുണ്ട്. ഫീൽഡുതല വിവരശേഖരണത്തിന് 61,282 എന്യൂമറേറ്റർമാരും 10,189 സൂപ്പർവൈസർമാരും 46 മാസ്‌റ്റർട്രെയിനർമാരും ഉൾപ്പെടെ 1500 പരിശീലകരുമാണുള്ളത്.
50 പേരടങ്ങുന്ന എന്യൂമറേറ്റമാർക്കും സൂപ്പർവൈസർക്കുമായി മൂന്നുദിവസത്തെ പരിശീലനത്തിന് ഒരുദിവസം 400 രൂപ അലവൻസും 1000 രൂപ പ്രതിഫലവുമാണ് നൽകേണ്ടത്. ജൂൺ 30വരെയായിരുന്നു പരിശീലനം. എന്യൂമറേറ്റർമാർക്കും സൂപ്പർ വൈസർമാർക്കും 9000 രൂപ പ്രതിഫലവും 1200 രൂപ അലവൻസുമാണുണ്ടാവുക.
ജൂലൈ ഒന്നുമുതൽ 30 വരെയായി കെട്ടിടവിവരം, ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതിവിവരം തുടങ്ങി 34 ചോദ്യങ്ങൾക്കാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തിയത്. എച്ച്എൽഒ മൊബൈൽ ആപ്പിലൂടെ ഇവർ അപ്‌ലോഡ് ചെയ്‌ത വിവരങ്ങൾ സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം പോർട്ടൽ വഴി നിരീക്ഷിച്ചു. സെൻസസ് രണ്ടാം ഘട്ടം 2027 ഫെബ്രുവരിനാണ് ആരംഭിക്കുക.










0 comments