print edition പുതുകാലം പുതുപദ്ധതികൾ

തിരുവനന്തപുരം
പുതുവർഷത്തിലേക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ബജറ്റ്. ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ, ചവറ കെഎംഎംഎല്ലിനോട് ചേർന്ന് സ്ഥാപിക്കുന്ന റെയർ എർത്ത് കോറിഡോർ, പ്രതിരോധ സാങ്കേതിക ഇന്നവേഷൻ ഹബ്, തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽ പാത, കൊച്ചി ഇൻഫോപാർക്കിൽ സ്ഥാപിക്കുന്ന സൈബർ വാലി, ആഗോള സ്‌കൂൾ, കട്ടപ്പന–തേനി തുരങ്കപാത തുടങ്ങിയ വമ്പൻ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു. കേരളത്തിലെ റെയർ എർത്ത് മൂലകങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് റെയർ എർത്ത് കോറിഡോർ വിഭാവനം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്നതാണ് കോറിഡോർ. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട് ചേർന്ന് സ്ഥാപിക്കും. 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
കെഎംഎംഎൽ, കെൽട്രോൺ, എൻഎഫ്‌ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളിയാക്കി റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷൻ രൂപീകരിക്കാൻ ബജറ്റിൽ നൂറു കോടി രൂപയും മാറ്റിവച്ചു.
ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ കേരളത്തിൽ പ്രവർത്തിക്കുന്ന പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളെ കൂട്ടിയിണക്കിയാണ് പ്രതിരോധ ഇന്നവേഷൻ സാങ്കേതിക ഹബ് സ്ഥാപിക്കുക. പ്രതിരോധ ഗവേഷണ വികസന ഇടനാഴിയായി ഇതിനെ വികസിപ്പിക്കും. 50 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം– കാസർകോട് അതിവേഗ റെയിൽപാതയായ റീജിയണൽ റാപിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റ (ആർആർടിഎസ്) ത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തി. നാലു ഘട്ടമായി പദ്ധതി പൂർത്തിയാക്കും.
കൊച്ചി ഇൻഫോപാർക്കിലെ ഫേസ് മൂന്നിലെ 300 ഏക്കറിലാണ് സൈബർവാലി വികസിപ്പിക്കുക. ഐടി, ഐടി അധിഷ്‌ഠിത സേവനങ്ങൾ, എഐ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയുടെ കേന്ദ്ര ഹബ്ബായി സൈബർ വാലി പ്രവർത്തിക്കും. പിപിപി മാതൃകയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി.ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും പുതിയ കാലത്തിന് അനുയോജ്യമായ തൊഴിൽ നൈപുണി പരിശീലനവും പ്രദാനം ചെയ്യുന്ന ആഗോള സ്‌കൂളാണ് മറ്റൊരു പദ്ധതി. പ്രാരംഭപ്രവർത്തനങ്ങൾക്ക് 10 കോടി രൂപ മാറ്റിവച്ചു. കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ തുരങ്കപാത സ്ഥാപിക്കും. സാധ്യതാപഠനത്തിനായി 10 കോടി രൂപ മാറ്റിവച്ചു.
ഉയരെ വ്യവസായം
വ്യവസായ സൗഹൃദത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ കേരളത്തിന്റെ കുതിപ്പിന് ഉൗർജംപകരുന്ന ബജറ്റ് ഇൗ മേഖലയ്‌ക്ക് നീക്കിവച്ചത് 1417.26 കോടി രൂപ. മുൻവർഷത്തെക്കാൾ 122.54 കോടി അധികം. വിവര സാങ്കേതികവിദ്യക്കായി 548.05 കോടിയും ധാതുവ്യവസായത്തിനായി 8.2 കോടിയും നീക്കിവച്ചു. ഇതുൾപ്പെടെ ആകെ 1973.51 കോടിയാണ് വിഹിതം.
എംഎസ്‌എംഇകൾക്കുള്ള വിഹിതം 310.84 കോടിയാക്കി. മിഷൻ 1000 പദ്ധതിക്കായി 35 കോടി. ഗ്രാമീണ അപ്പാരൽ പാർക്കുകളും ഇലക്‌ട്രോണിക്‌സ് അസംബ്ലിങ് പാർക്കുകളും സ്ഥാപിക്കാൻ 10 കോടി രൂപവീതം വകയിരുത്തി. മിഷൻ വൺ ലാക്ക് പദ്ധതിക്ക് നാല് കോടിയും സംരംഭക സഹായക പദ്ധതിക്ക് 110 കോടിയും മാറ്റിവച്ചു.
കാമ്പസ്, സഹകരണ വ്യവസായ പാർക്കിനുപുറമെ പ്രവാസി വ്യവസായ പാർക്ക്, വനിത വ്യവസായ പാർക്ക്, പരമ്പരാഗത വ്യവസായ പാർക്ക് എന്നിവയും സ്ഥാപിക്കും. തോട്ടം തൊഴിലാളികളുടെ പാർപ്പിട സൗകര്യത്തിനായി ബജറ്റ് വിഹിതവമായി അഞ്ചുകോടിയും അധിക വിഹിതമായി 10 കോടിയും വകയിരുത്തി. പിപിപി രീതിയിൽ കേരള യൂണിവേഴ്‌സിറ്റി ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് ഒൻത്രപ്രണർഷിപ്പ് എന്ന സ്ഥാപനം ആരംഭിക്കും. ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് 853.74 കോടി മാറ്റിവച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി വ്യാവസായിക, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾക്ക് 17 കോടി വകയിരുത്തി. ഭൂമി ഏറ്റെടുക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1000 കോടി രൂപ നിക്ഷേപിക്കും. ഇടുക്കി ചെറുതോണിയിലും എറണാകുളം കുന്നുകരയിലും മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കും.
കൊട്ടാരക്കരയിൽ സംയോജിത ഐടി കം വ്യവസായ പാർക്ക് സ്ഥാപിക്കാൻ 10 കോടിരൂപ മാറ്റിവച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ പുതിയ വ്യവസായ പാർക്കും സ്ഥാപിക്കും.

സൗരോർജം കരുത്താകും
പഞ്ചായത്തുകളെ ഊർജോൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ നൽകുന്ന പദ്ധതി നടപ്പാക്കും. സൗരോർജം സംഭരിച്ച് വിതരണം ചെയ്യുന്ന സൗകര്യങ്ങൾ സൃഷ്‌ടിക്കും. തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഇതിനായി രണ്ടു കോടി രൂപ നീക്കിവച്ചു.
● കേരളത്തിന്റെ കലാരൂപങ്ങൾ പ്രദർശിപ്പിക്കാനായി പ്രധാന നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ എന്ന പേരിൽ സ്ഥിരം വേദി. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും തുടർന്ന് കൊച്ചി, കോഴിക്കോട് നഗരങ്ങളിലും നിർമിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തും.
● കേരളത്തിൽ ശക്തമായൊരു മറൈൻ എക്കോ സിസ്റ്റം സൃഷ്‌ടിച്ച് ബ്ലൂ എക്കോണമി ശക്തിപ്പെടുത്തുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 10 കോടി രൂപ.
ഇവിടെയുണ്ടാകും തൊഴിലുറപ്പ്
കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുമ്പോഴും, പദ്ധതിക്ക് കരുത്തേകി സംസ്ഥാന ബജറ്റ്. അധികമായി വകയിരുത്തിയത് 1000 കോടി രൂപ. പദ്ധതിയുടെ കേന്ദ്രവിഹിതം വെട്ടിക്കുറയ്‌ക്കുകയും സംസ്ഥാനങ്ങൾക്ക് അധികഭാരം അടിച്ചേൽപിക്കുകയും ചെയ്‌തിരുന്നു. നിശ്‌ചിത തൊഴിൽ ദിനങ്ങളിലേക്ക് അതിനെ ചുരുക്കുകയും ചെയ്തു. ഇൗ ഘട്ടത്തിലും സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അധിക തുക വകയിരുത്തിയത്.
പൂർണമായും സംസ്ഥാന പദ്ധതിയായ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് മുൻവർഷത്തെക്കാൾ 20 കോടിയുടെ വർധനയോടെ 200 കോടി രൂപ വകയിരുത്തി. 369 രൂപ നിരക്കിൽ 50 ലക്ഷം വ്യക്തിദിന തൊഴിൽ സൃഷ്‌ടിക്കാൻ ഇതുവഴി കഴിയും.

റോഡും പാലവും തിളങ്ങും
റോഡുകളുടെ പരിപാലനത്തിനും നവീകരണത്തിനുമായി മികച്ച പരിഗണനയാണ് ബജറ്റിൽ നൽകിയത്. പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 1182.43 കോടി രൂപയും ദേശീയപാതയ്‌ക്ക് 91.28 കോടിയും വകയിരുത്തി.
പ്രധാന ജില്ലാറോഡുകളുടെ ഡിസൈനിനും, ഓവർ ലേ ചെയ്യുന്നതിനും 300.50 കോടി നീക്കി വച്ചു. റോഡ് സുരക്ഷാസംവിധാനങ്ങൾക്കുള്ള വിവിധ പ്രവൃത്തികൾക്കുള്ള വിഹിതം 15 കോടി രൂപയിൽനിന്ന് 23.37 കോടി രൂപയാക്കി ഉയർത്തി. റെയിൽവേ മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും നിർമാണത്തിനായി മുൻവർഷം 16 കോടി വകയിരുത്തിയിരുന്നെങ്കിൽ ഇപ്പോഴത് 25 കോടിയാക്കി. ധർമടം റെയിൽവേ സ്‌റ്റേഷൻ അണ്ടർപാസിന്റെ നിർമാണത്തിനായി അഞ്ച് കോടിയും വകയിരുത്തി.
• പാലങ്ങളുടെ സംരക്ഷണത്തിനും പുനർനിർമാണത്തിനുമുള്ള വിഹിതം 46.46 കോടിയായി വർധിപ്പിച്ചു
• പട്ടികവർഗ ഉന്നതികളിലേക്കുള്ള പാലങ്ങളുടെ സംരക്ഷണത്തിനും പുനർനിർമാണത്തിനുമായി 25 കോടി
• സംസ്ഥാന പാതകൾ ഓവർലേ ചെയ്യുന്നതിനും ഡിസൈനുമായി 87 കോടി
• നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 165 കോടി
• ശബരിമലയിലേക്കുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ റോഡുകൾ വികസിപ്പിക്കുന്നതിനായി 15 കോടി
• തലസ്ഥാന നഗര റോഡ് വികസന പദ്ധതിയിലെ പിപിപി മാതൃകയിൽ മറ്റ് നഗരങ്ങളിൽ നടപ്പാക്കുന്നതിനായി 58.80 കോടി
• കെഎസ്‌ടിപിക്ക് 100 കോടി
ഐടി വിഹിതം 548.05 കോടി
ഐടി മേഖലയ്‌ക്കുള്ള വിഹിതം മുൻവർഷത്തെ 517.27 കോടിയിൽനിന്ന് 548.05 കോടിയായി വർധിപ്പിച്ചു. ടെക്‌നോപാർക്കിന് 25 കോടിയും ഇൻഫോപാർക്കിന് 21.6 കോടിയും സൈബർ പാർക്കിന് 12.10 കോടിയും മാറ്റിവച്ചു. പൊതു വൈ ഫൈ പദ്ധതിക്ക് 15 കോടി വകയിരുത്തി. കെഫോൺ പദ്ധതിക്ക് 112.44 കോടിയും ഐടി മിഷന് 143.28 കോടിയും വകയിരുത്തി. ഐടി സാങ്കേതികവിദ്യയുടെ സുരക്ഷിതവും ധാർമികവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സേഫ് ടെക് എന്ന പദ്ധതി ആരംഭിക്കും. ഇതിനായി 22 കോടിരൂപ വകയിരുത്തി.

സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്കായി 99.52 കോടിയും മാറ്റിവച്ചു. കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് പാർക്ക് സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. എൻജിനിയറിങ് കോളേജുകളിലെയും ഐടിഐകളിലെയും വിദ്യാർഥികൾക്കായി സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരള സജ്ജമാക്കാൻ 10 കോടി വകയിരുത്തി.
ഡാറ്റാ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് 47 കോടിയും കേരള വൈഡ് ഏരിയാ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് 14.5 കോടിയും വകയിരുത്തി. ഡിജിറ്റൽ രംഗത്ത് പുതിയ നയങ്ങളും തന്ത്രങ്ങളും ദൗത്യവും നടപ്പാക്കുന്നതിന് 22 കോടി മാറ്റിവച്ചു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 3.95 വകയിരുത്തി. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീനിന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതമായി 6.5 കോടിയും ഗ്രഫീൻ അറോറ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 3.8 കോടിയും അനുവദിച്ചു. ഡിജിറ്റൽ സർവകലാശാലയ്‌ക്ക് 27.81 കോടി, ട്രിപ്പിൾ ഐടിഎംകെക്ക് 16.95 കോടി, ഐസിഫോസിന് 8.45 കോടി, കെഎസ്‌ഐടിഎല്ലിന് 15.27 കോടി, കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി, സിഡിറ്റിന് 8.13 കോടി, കൊച്ചിയിൽ കൾച്ചർ ആൻഡ് ക്രിയേറ്റിവിറ്റി ഇൻകുബേറ്ററിന് 2 കോടി, കെ സ്‌പേസിന് 57.50 കോടിയും അനുവധിച്ചു.

എം സി റോഡ് നാലുവരിയാകും; കുരുക്കഴിക്കാൻ ആറ് ബൈപ്പാസ്
തിരുവനന്തപുരം–അങ്കമാലി എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കും. ഒന്നാംഘട്ട വികസനത്തിനായി 5217 കോടി രൂപ കിഫ്‌ബിയിലൂടെ നീക്കിവയ്‌ക്കും. പ്രധാന ജങ്ഷനുകളുടെ വികസനവും ബൈപാസ് നിർമാണവുമാണ് ആദ്യഘട്ടം. കൊട്ടാരക്കര ബൈപാസിന് 110.36 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. ഭൂമിയേറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നു.
ഗതാഗതക്കുരുക്ക് പതിവായ കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ബൈപ്പാസ് നിർമിക്കും.
ആർട്ടിസാൻസ് മേഖലയെ ആധുനികവൽക്കരിക്കും
ആർട്ടിസാൻസ് മേഖലയിലുള്ളവർക്ക് ആധുനിക തൊഴിലുപകരണങ്ങൾ വാങ്ങാൻ 50 ശതമാനം സർക്കാർ സബ്‌സിഡിയോടെ ധനസഹായം. പദ്ധതിക്ക് അഞ്ച് കോടി രൂപ അനുവദിച്ചു. മൺപാത്ര നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഒരു കോടി രൂപ അധികം അനുവദിക്കും.
യൂണിറ്റി മാൾ പൂർത്തിയാക്കാൻ 6 കോടി, ലൈഫ് സയൻസ് പാർക്കിന് 35 കോടി, മെഡിക്കൽ ഡിവൈസസ് പാർക്കിന് 30 കോടി, കൊച്ചി പെട്രോ കെമിക്കൽ പാർക്കിന് 17 കോടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനർരൂപീകരണ പദ്ധതിക്ക് 294.6 കോടി, ഓങ്കോളജി ഫാർമാപാർക്കിന് 10 കോടി, കെൽട്രോൺ കംപോണന്റ് കോംപ്ലക്‌സിന് 6 കോടി, കേരള പേപ്പർ പ്രോഡക്ട്‌സിന് 15 കോടി. ഉൽപ്പാദനശേഷി വർധിപ്പിക്കാനും ആധുനികവൽക്കരണത്തിനുമായി 741 കോടിയുടെ പദ്ധതി. സർക്കാർ വിഹിതമായി 175 കോടി അനുവദിച്ചു
നേട്ടങ്ങൾ അക്കമിട്ട് നിരത്തി
‘മതമാണ് മതമാണ് മതമാണ് പ്രശ്നം' എന്നതല്ല, ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം ‘മതമല്ല, മതമല്ല മതമല്ല പ്രശ്നം- എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്നതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അഞ്ച് വർഷം ആ ദിശയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ മന്ത്രി ബജറ്റിൽ വിശദമാക്കി. രണ്ട് പതിറ്റാണ്ടിലേക്കുള്ള കേരള വികസനത്തിന് അടിത്തറയിടാൻ പത്ത് വർഷം നീണ്ട എൽഡിഎഫ് ഭരണത്തിനായെന്നും–മന്ത്രി പറഞ്ഞു.
വിഴിഞ്ഞം ഒന്നാം ഘട്ടം പൂർത്തിയായി, രണ്ടാം ഘട്ടം തുടങ്ങി. 730 കപ്പലെത്തി. കൈകാര്യം ചെയ്‌തത് 15.5 ലക്ഷം ടിഇയു
ക്ഷേമപെൻഷൻ നൽകിയത് 90,000 കോടി
പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു
22,000 കോടി നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരവും
ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി
നാലു വർഷം കൊണ്ട് 1,45,586 പേർക്ക് പിഎസ്‌സി നിയമനം
ഐടി കയറ്റുമതി 8,500 കോടിയിൽ നിന്ന് 26,252 കോടിയായി
കിഫ്ബിയിലൂടെ 96,531.14 കോടിയുടെ പദ്ധതി
607 സ്കൂൾ കെട്ടിടം നിർമിച്ചു
ഉന്നതി ഓവർസീസ് പദ്ധതിയിലൂടെ വിദേശത്തേക്ക് പഠിക്കാൻ പോയത് 1104 പേർ
ഭൂരഹിതരായ പട്ടികവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത് 8573.52 ഏക്കർ
സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചു
കാരുണ്യ പദ്ധതിയിൽ 4236.22 കോടി രൂപ ചെലവഴിച്ചു
ലൈഫ് വഴി 4,81,935 കുടുംബങ്ങൾക്ക് വീട്. കാലാവധി പൂർത്തിയാകുമ്പോഴേക്കും 5,25,000 കടക്കും
പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ നൽകി
മുണ്ടക്കൈ-ചൂരൽമല ദുരന്തം: ഫെബ്രുവരി മൂന്നാംവാരത്തോടെ ആദ്യബാച്ച് വീട് കൈമാറും
പവർകട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ല
39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു 15,51,609 പുതിയ കണക്‌ഷൻ നൽകി
39.79 ലക്ഷം കുടിവെള്ള കണക്‌ഷൻ നൽകി
100 റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമിച്ചു
വയനാട് തുരങ്കപാതയുടെ നിർമാണം ആരംഭിച്ചു
തീരദേശപാതയുടെ നിർമാണം നടക്കുന്നു – 2130 കോടി രൂപ
മലയോരപാതയുടെ 212.2 കിലോമീറ്റർ നിർമിച്ചു– 1657 കോടി രൂപ










0 comments