ad
Deshabhimani

മിന്നൽ വേ​ഗത്തിൽ തിരുവനന്തപുരം- കാസർകോട് യാത്ര; ആർആർടിഎസ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി

RRTS High Speed Train.jpg

Representative Image: Gemini AI

വെബ് ഡെസ്ക്

Published on Jan 29, 2026, 04:42 PM | 2 min read

തിരുവനന്തപുരം: കേരളത്തിന് അതിവേ​ഗ യാത്രാസൗകര്യം ലക്ഷ്യമിട്ടുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയാണ് അനുവദിച്ചത്.


പദ്ധതിക്ക് കേന്ദ്ര ഭവന- ന​ഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചുണ്ടെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഡൽഹി- മീററ്റ് ആർആർടിഎസ് മാതൃകയിൽ നാല് ഘട്ടമായാണ് കേരളത്തിൽ പ​ദ്ധതി വിഭാ​വനം ചെയ്യുന്നത്. പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ 583 കിലോമീറ്ററിലുള്ള പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്‌പാ സ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമാനുമതി നൽകുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിസഭയ്‌ക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കും.


160–180 കിലോമീറ്റർ വേഗം, തൂണുകളിൽകൂടി യാത്ര


​ഡൽഹി–മീററ്റ് ആർആർടിഎസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. മണിക്കൂറിൽ 160–180 കിലോമീറ്റർ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാശേഷി എന്നിവ ആർആർടിഎസിനെ കേരളത്തിനും അനുയോജ്യമാക്കുന്നു. ഈ സംവിധാനം ഗ്രേഡ് -സെപ്പറേറ്റഡ് (തൂണുകളിൽ കൂടി) ആയി നടപ്പാക്കാനാകും. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്‌ക്കാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാകും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽകൂടെയും ആവശ്യമുള്ള സ്ഥലങ്ങളിൽമാത്രം എംബാങ്ക്മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.


പദ്ധതി നഗരമെട്രോ പദ്ധതികളുമായി സംയോജിപ്പിക്കുവാനുമാകും. കൊച്ചി മെട്രോയും ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളും ആർആർടിഎസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാം. പദ്ധതിച്ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ, 20 ശതമാനം കേന്ദ്രസർക്കാർ, 60 ശതമാനം അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ദീർഘകാല വായ്‌പ എന്ന നിലയിലാണ് ഡൽഹി ആർആർടിഎസ് നടപ്പാക്കുന്നത്. ഇതേ മാതൃകയാണ് കേരളത്തിലും ഉദ്ദേശിക്കുന്നത്.


4 ഘട്ടം; 2033ൽ പൂർത്തിയാകും


ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂ‍ർവരെയും അതിനൊപ്പം തിരുവനന്തപുരം കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്ററുള്ള ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാം. രണ്ടാംഘട്ടമായി തൃശൂർ–കോഴിക്കോട്, കോഴിക്കോട് മെട്രോ എന്നിവ നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർവരെയും അവസാന ഘട്ടമായി കണ്ണൂർ–കാസർകോട്‌ ലൈനും പൂർത്തിയാക്കാനാണ്‌ നിർദേശം. അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസർകോട്‌ വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എആർടിഎസ് ശൃംഖല യാഥാർഥ്യമാക്കുന്ന വിധത്തിലാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home