പുനഃസംഘടനയിൽ ‘സംപൂജ്യ’നായി എ എൻ രാധാകൃഷ്‌ണൻ
ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു ; മുരളീധരൻ ഗ്രൂപ്പിനെ മുച്ചൂടും വെട്ടി


സി കെ ദിനേശ്
Published on Jul 12, 2025, 03:41 AM | 2 min read
തിരുവനന്തപുരം
വി മുരളീധരൻ, കെ സുരേന്ദ്രൻ പക്ഷത്തെ പൂർണമായി തഴഞ്ഞ് ബിജെപി നേതൃത്വം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ട്രഷറർ ആയി ഇ കൃഷ്ണദാസ് തുടരും. പത്ത് വീതം വൈസ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു.
നാല് ജനറൽ സെക്രട്ടറിമാരും സുരേന്ദ്രന്റെ ശത്രുപക്ഷത്ത് നിന്നിരുന്നവരാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ മാത്രമാണ് മുരളീധരൻ പക്ഷക്കാർക്ക് അവസരം കിട്ടിയത്. നേട്ടം പി കെ കൃഷ്ണദാസ് പക്ഷത്തിനാണ്.
ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻപത്രാധിപരുമായ ബാലശങ്കർ ഉൾപ്പെടെയുള്ളവരുടെ നിർദേശംകൂടി പരിഗണിച്ചാണ് പുതിയ ഭാരവാഹി പട്ടിക. ചെങ്ങന്നൂരിൽ മത്സരിക്കാൻ ഒരുങ്ങിയ ബാലശങ്കറെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെട്ടിയത് കെ സുരേന്ദ്രനാണ്. ആർഎസ്‌എസ് നോമിനിയാണ് പത്തനംതിട്ട സ്വദേശി അനൂപ് ആന്റണി ജോസഫ്. മുരളീധര പക്ഷം ഗ്രൂപ്പ് പ്രവർത്തനം നടത്തിയെന്നും ഫണ്ട് വെട്ടിച്ചെന്നും രാജീവ് ചന്ദ്രശേഖർ തെളിവുസഹിതം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്നും പറയുന്നു. ഗ്രൂപ്പുചേരുന്നവരെ വകവയ്ക്കേണ്ടെന്നും തങ്ങൾ പറയുന്നതുപോലെമാത്രം പ്രവർത്തിച്ചാൽ മതിയെന്നുമാണ് രാജീവ് ചന്ദ്രശേഖറിനോട് കേന്ദ്രം നിർദേശിച്ചത്.
മുരളീധര പക്ഷത്തുള്ള പി സുധീർ, സി കൃഷ്ണകുമാർ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. കെ സുരേന്ദ്രൻ തലപൊക്കാൻ അനുവദിക്കാതിരുന്ന ശോഭ സുരേന്ദ്രന് ഇത് മധുര പ്രതികാരമായി.
പത്ത് വൈസ് പ്രസിഡന്റുമാരിൽ മുൻ എഡിജിപി ആർ ശ്രീലേഖ, പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് എന്നിവർ ഇടംനേടി. ടി പി ജയചന്ദ്രനാണ് മുഖ്യവക്താവ്. ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന വക്താവ് പി ആർ ശിവശങ്കരനെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചില്ല. അഞ്ച് മേഖലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുനഃസംഘടനയിൽ ‘സംപൂജ്യ’നായി എ എൻ രാധാകൃഷ്‌ണൻ
ബിജെപിയിലെ വി മുരളീധരൻപക്ഷത്തെ വെട്ടിവീഴ്‌ത്തിയ കൂട്ടത്തിൽ സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ട് പി കെ കൃഷ്‌ണദാസ്‌പക്ഷത്തെ ജില്ലയിലെ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്‌ണനും. കോൺഗ്രസിൽനിന്നെത്തിയ ഡോ. കെ എസ് രാധാകൃഷ്‌ണനെ ജില്ലയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റുസ്ഥാനത്ത് നിലനിർത്തിയാണ് വൈസ് പ്രസിഡന്റായിരുന്ന മുതിർന്ന നേതാവ് എ എൻ രാധാകൃഷ്‌ണനെ ഒഴിവാക്കിയത്. മുൻ സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിയുമല്ലാതിരുന്നിട്ടും കോർ കമ്മിറ്റിയിൽ തുടർന്നിരുന്ന എ എൻ രാധാകൃഷ്‌ണന് ആ സ്ഥാനവും ഇനിയുണ്ടാകില്ല.
പാതിവില തട്ടിപ്പുകേസിലെ പങ്കാളിത്തവും എ എൻ രാധാകൃഷ്‌ണനെതിരെ മറുപക്ഷം ഫലപ്രദമായി ഉപയോഗപ്പെടുത്തി. പാതിവിലയ്‌ക്ക് സ്‌കൂട്ടർ നൽകുന്ന പദ്ധതിയുടെ തുടക്കംമുതൽ കരാർ ഒപ്പിട്ട് കേസിലെ ഒന്നാംപ്രതി ഇടുക്കി സ്വദേശി അനന്തു കൃഷ്‌ണനുമായി എ എൻ രാധാകൃഷ്‌ണൻ സഹകരിച്ചിരുന്നു. രണ്ടുതവണ രാധാകൃഷ്‌ണനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തിരുന്നു. രാധാകൃഷ്‌ണനും അദ്ദേഹത്തോടൊപ്പമുള്ള ബിജെപി നേതാക്കൾക്കുമുള്ള സ്വാധീനംകൊണ്ടാണ് കോടികളുടെ തട്ടിപ്പുകേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാതിരുന്നത്. ബിജെപി പ്രവർത്തകർ ഉൾപ്പെടെ തട്ടിപ്പിനിരയായത് പാർടിയിൽ സജീവ ചർച്ചയുമായിരുന്നു. മുഖ്യപ്രതി അനന്തു കൃഷ്‌ണന് 42 കോടി രൂപ നൽകിയെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ രാധാകൃഷ്‌ണൻ സമ്മതിച്ചിരുന്നു. എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ ‘സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ’ (സൈൻ) സംഘടനയാണ് അനന്തുകൃഷ്‌ണനുമായി കരാർ ഒപ്പിട്ട് സഹകരിച്ച് ആയിരങ്ങളെ തട്ടിപ്പിനിരയാക്കിയത്.
എ എൻ രാധാകൃഷ്‌ണൻ യുവമോർച്ച സംസ്ഥാന അധ്യക്ഷനും മൂന്നുതവണ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു. വ്യവസായ ജില്ലയിൽനിന്നുള്ള നേതാവ് എന്ന നിലയിൽ ബിജെപിയുടെ ഫണ്ടുശേഖരണത്തിന് നേതൃത്വം നൽകാറുള്ള രാധാകൃഷ്‌ണനെ, ‘വെറും ചീളുകേസല്ല, വൻ തിമിംഗിലം’ എന്നാണ് ബിജെപി വിട്ട സന്ദീപ് വാര്യർ പാതിവില തട്ടിപ്പ് കേസ് ഉയർന്നുവന്നപ്പോൾ വിശേഷിപ്പിച്ചത്.









0 comments