print edition മുഖം കാണിക്കാൻ അപ്പോയിന്റ്മെന്റ്; ബിജെപി പ്രസിഡന്റിന് ബയോമെട്രിക് സുരക്ഷ


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 06, 2026, 01:28 AM | 1 min read
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിന് ബയോമെട്രിക് ലോക്കിട്ട് നിയന്ത്രണം ഏർപ്പെടുത്തി. പ്രസിഡന്റിനെ നേരിട്ട് കാണാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ‘അപ്പോയിൻമെന്റ്’ നിർബന്ധമാക്കി. മുൻകൂർ അനുമതിയില്ലാതെ എത്തിയ മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ അരമണിക്കൂറോളം പുറത്തുനിർത്തി.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായായ കെ ജി മാരാർ ഭവനെ രാജീവ് ചന്ദ്രശേഖർ കോർപറേറ്റ് ഓഫീസാക്കിയെന്ന് ആരോപണമുയർന്നു. രാജീവ് ചന്ദ്രശേഖറിന്റെയും ജനറൽ സെക്രട്ടറി എസ് സുരേഷിന്റെയും ടീം ബിജെപിയെ ഹൈജാക്ക് ചെയ്തതായും മറ്റു നേതാക്കൾക്ക് പരാതിയുണ്ട്.
മാരാർ ഭവന്റെ രണ്ടാംനിലയിലാണ് പ്രസിഡന്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് വാതിലിൽ ബയോമെട്രിക് പൂട്ടിട്ടതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. എസ് സുരേഷ്, പ്രസിഡന്റിന്റെ പിഎ, സെക്രട്ടറി തുടങ്ങിയവർക്ക് മാത്രമേ മുൻകൂർ അനുമതിയില്ലാതെ അകത്തു കയറാനാകൂ. മറ്റെല്ലാ നേതാക്കൾക്കും പ്രസിഡന്റിനെ കാണാൻ പിഎയുടെ അനുമതി വേണം. പിഎ, അല്ലെങ്കിൽ ഓഫീസ് സെക്രട്ടറി വിരലടയാളം പതിപ്പിച്ചാലേ പ്രസിഡന്റിന്റെ ഓഫീസ് വാതിൽ തുറക്കൂ. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നേതാക്കൾ പോകാതായി.
നേമത്ത് വിജയിച്ചശേഷം രാജീവ് ചന്ദ്രശേഖറിനെ മണ്ഡലത്തിൽ കാണാനില്ലെന്നും നേതാക്കൾ പരാതി പറയുന്നുണ്ട്. എംഎൽഎയെ കാണാൻ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തുന്ന വോട്ടർമാക്കും ബയോമെട്രിക് പൂട്ട് കുരുക്കായി.








0 comments