print edition ബിജെപി ഫണ്ട് തട്ടിപ്പ് : 140 മണ്ഡലത്തിലും കമീഷൻ; നടന്നത് വൻ കൊള്ള

പ്രത്യേക ലേഖകൻ
Published on Jul 18, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വളരെ വേഗത്തിൽ അന്വേഷിച്ച് റിപ്പോർട്ടുണ്ടാക്കി തടിതപ്പാമെന്ന് കരുതിയ ബിജെപി സംസ്ഥാന നേതൃത്വത്തിന് അഴിയാകുരുക്കായി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചില നേതാക്കൾ ആണയിടുമ്പോൾ ബിജെപി നേതാക്കളും പ്രവർത്തകരും വെട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിടുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി 140 മണ്ഡലത്തിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മണ്ഡലത്തിലേക്ക് ‘ മിനിമം തുക’ അനുവദിക്കാൻ ചുരുങ്ങിയത് ഒരു ലക്ഷം രൂപ, കൂടുതൽ അനുവദിക്കാൻ അതിനനുസരിച്ച് കമ്മീഷൻ എന്നതായിരുന്നു വ്യവസ്ഥ.
അന്വേഷണ ചുമതലയുള്ള മുതിർന്ന നേതാക്കൾ മുൻപാകെ ആത്മഹത്യ ഭീഷണിയുമുണ്ടായി. ആലപ്പുഴയിൽ വെട്ടിപ്പ് നടത്തിയ നേതാവിനോട് പണം തിരിച്ചടയ്ക്കാൻ പറഞ്ഞപ്പോഴാണ് താൻമാത്രമായി തിരിച്ചടയ്ക്കുന്നതെന്തിനാണെന്നും കൂടുതൽ സമ്മർദമുണ്ടായാൽ ആത്മഹത്യ ചെയ്യുമെന്നും പ്രാദേശിക നേതാവ് ഭീഷണിമുഴക്കി പോയത്. ഒടുവിൽ ‘ ഫണ്ട് തിരിച്ചടയ്ക്കണ്ട ’ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് തിരികെ പോരുകയായിരുന്നു.
കൊടിതോരണങ്ങൾ, ഫ്ലെക്സുകൾ എന്നിവയുടെ അച്ചടിയിലും വിതരണത്തിലും ലക്ഷക്കണക്കിന് രൂപയുടെ കമ്മീഷൻ തട്ടിപ്പ് നടന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ ചെയ്ത കമ്പനിക്ക് പണം നൽകുന്നതിന് മുൻപ് ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയതായി സ്ഥിരീകരിക്കുന്ന കമ്പനി പ്രതിനിധിയുടെ ശബ്‌ദസന്ദേശം പുറത്തുവന്നിരുന്നു.
ബിജെപി കേന്ദ്ര ഓഫീസിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ മറിച്ചുവിറ്റും വ്യാജ ബില്ലുണ്ടാക്കിയും ലക്ഷങ്ങൾ തട്ടി.
ആരോപണവിധേയയായ സംസ്ഥാന സെക്രട്ടറിയെ പാർടി ചുമതലകളിൽ നിന്നും മാറ്റിനിർത്തിയെങ്കിലും സംസ്ഥാന വ്യാപകമായി കൂടുതൽ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കെടുകാര്യസ്ഥതയാണ് ഫണ്ട് കൊള്ളയ്‌ക്ക് വഴിവച്ചതെന്ന ആക്ഷേപം ശക്തമായി.










0 comments