കോൺഗ്രസുകാരിൽനിന്ന് പണം വാങ്ങി രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയ ആളാണ് രാജേഷ് എന്നാണ് പോസ്‌റ്റർ
ബിജെപി ഓഫീസിൽ ഏറ്റുമുട്ടൽ , പോസ്‌റ്റർ യുദ്ധം ; പുറത്തിറങ്ങാതെ പ്രസിഡന്റ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടലും പോസ്റ്റർ യു ദ്ധവും. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മാരാർ ജി ഭവനിൽ ഇരിക്കുമ്പോഴാണ് മുറ്റത്ത് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായതിനാൽ പ്രസിഡന്റ് പുറത്തിറങ്ങിയില്ല.
ചൊവ്വ രാവിലെ മുൻ ഐടി സെൽ കൺവീനർ സജീവ് എസ് നായർ, മുൻ ഉള്ളൂർ മണ്ഡലം പ്രസിഡന്റ് കരിക്കകം ശ്യാം (പൊന്നൻ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഓഫീസിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. നിലവിലുള്ള ജനറൽ സെക്രട്ടറി പി സുധീർ തുടരണമെന്നും അതല്ല മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ജനറൽ സെക്രട്ടറിയാകണമെന്നും വാദിക്കുന്നവർ തമ്മിലാണ് കൊലവിളിച്ച് ഏറ്റുമുട്ടിയത്. ഇരുകൂട്ടരും വി മുരളീധരൻ–-കെ സുരേന്ദ്രൻ ഗ്രൂപ്പിനൊപ്പമുള്ളവരാണെങ്കിലും രാജേഷിനെ ജനറൽ സെക്രട്ടറിയാക്കുന്നതിനോട് ഇതിൽ ഒരു വിഭാഗത്തിന് യോജിപ്പില്ല.
ഇതിന്റെ ഭാഗമായി രാജേഷിന്റെ വീടിനുമുന്നിലും മാരാർ ജി ഭവൻ പരിസരത്തും പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസുകാരിൽ നിന്ന് പണം വാങ്ങി രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയ ആളാണ് രാജേഷ് എന്നാണ് പോസ്‌റ്റർ. മലയാളം നന്നായി അറിയാത്ത പ്രസിഡന്റിന് മനസിലാകാൻ ഇംഗ്ലീഷിലും പോസ്‌റ്ററുണ്ട്. സുരേന്ദ്രന്റെ മൗനാനുവാദത്തോടെ ജനറൽ സെക്രട്ടറിയാകാനായി രാജീവുമായി അടുപ്പം സ്ഥാപിച്ച് വി വി രാജേഷ് നടത്തിയ നീക്കം പൊളിക്കുകയാണ് ലക്ഷ്യം.
തുടക്കത്തിൽ തന്നെ ഗ്രൂപ്പ് യുദ്ധം കടുത്ത തലവേദന സൃഷ്ടിച്ചതോടെ ക്ഷുഭിതനായ പ്രസിഡന്റ് ശക്തമായ താക്കീതുമായി രംഗത്തെത്തി. ഇത്തരക്കാരെ വച്ചുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ, പ്രവർത്തന പരിചയമുള്ളവരെ മൂലയ്ക്കിരുത്തി ടെക്‌നോക്രാറ്റും താരവും കൂടി വാഴാമെന്ന മോഹം നടക്കില്ലെന്ന സൂചനയാണ് വിവിധ ഗ്രൂപ്പ് നേതാക്കൾ പങ്കുവച്ചത്. മർദനമേറ്റവർ സംസ്ഥാന പ്രസിഡന്റിന് പരാതി നൽകി. പോസ്‌റ്റർ പതിച്ചത് അന്വേഷിക്കണമെന്ന് രാജേഷും ആവശ്യപ്പെട്ടു.

വി വി രാജേഷിനെതിരെ പതിച്ച പോസ്റ്റർ








0 comments