മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ പുതിയ പ്രസിഡന്റ്
ബിജെപി കോർകമ്മിറ്റി യോഗം ; സർവത്ര ആശയക്കുഴപ്പം , ഭാരവാഹികളെ നിശ്‌ചയിക്കാനായില്ല

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം രാജീവ് ചന്ദ്രശേഖർ വിളിച്ചുചേർത്ത ആദ്യത്തെ കോർ കമ്മിറ്റിയോഗം നിർണായക തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞു. വാർത്താസമ്മേളനത്തിലും പങ്കെടുത്തില്ല. വി മുരളീധരൻ, പി കെ കൃഷ്‌ണദാസ് പക്ഷങ്ങൾക്കെതിരെ കേന്ദ്ര നേതൃത്വത്തിനോട് പരാതിപ്പെട്ടിട്ടുളള രാജീവ് ചന്ദ്രശേഖരന് ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ്.
നാലുവീതം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെയും ട്രഷററെയുമാണ് നിശ്‌ചയിക്കേണ്ടിയിരുന്നത്. എന്നാൽ ആശയക്കുഴപ്പത്തെ തുടർന്ന് യോഗം പിരിയുകയായിരുന്നു. പലരും ഓൺലെെനായാണ് യോഗത്തിൽ പങ്കെടുത്തത്. മുതിർന്ന നേതാക്കളെയെല്ലാം ഒഴിവാക്കി വി മുരളീധരൻ പക്ഷക്കാരായ ജനറൽ സെക്രട്ടറി പി സുധീറിനെയും സെക്രട്ടറി എസ് സുരേഷിനെയുമാണ് വാർത്താസമ്മേളനത്തിന് വിട്ടത്. ആ പക്ഷത്തിനൊപ്പം നിൽക്കുമെന്നതിന്റെ സൂചനയാണോ ഇതെന്ന സംശയം മറുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള നേതാക്കളെയും വിഭാഗങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് വ്യവസായിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റായി അവരോധിച്ചത്. പ്രസിഡന്റാകാൻ രംഗത്തിറങ്ങി ഒതുക്കപ്പെട്ട ശോഭാ സുരേന്ദ്രനെ കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ കോൺഗ്രസിലേക്ക് ക്ഷണിച്ച് സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നു.








0 comments