ad
Deshabhimani

print edition കേരള ബാങ്കിന്‌ 27493 കോടി ബിസിനസ്‌ വളർച്ച

kerala bank.
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 01:00 AM | 2 min read

തിരുവനന്തപുരം : കേരള ബാങ്കിന്റെ ആകെ ബിസിനസ് 101204.41 കോടി രൂപയിൽനിന്ന്‌ 1,28,697 കോടി രൂപയിലെത്തി. നിക്ഷേപം 61017.59 കോടിയിൽനിന്ന്‌ 75,457 കോടിയായും വായ്‌പ 40186.82 കോടിയിൽനിന്ന്‌ 53,240 കോടിയായും വർധിച്ച് ആകെ ബിസിനസിൽ 27492.59 കോടി രൂപയുടെ വർധനയുണ്ടാക്കാനായി. കേരളത്തിലെ ബാങ്കുകളിൽ ബിസിനസ് അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തുനിന്ന്‌ മൂന്നാം സ്ഥാനത്തെത്തിയതായും ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കഴിഞ്ഞ വർഷം 7700 കോടി രൂപയുടെ വളർച്ച ബാങ്ക് രേഖപ്പെടുത്തി. ബാങ്ക് രൂപീകരണത്തിനുശേഷമുള്ള ഏറ്റവും ഉയർന്നതാണിത്‌. കേരളത്തിലെ മൊത്തം ബാങ്കിങ് ബിസിനസിന്റെ ഏഴ് ശതമാനം മാർക്കറ്റ് ഷെയർ കേരള ബാങ്കിലാണ്‌. കഴിഞ്ഞ വർഷം 33,900 കോടി വായ്‌പ നൽകി. ഇത് മുൻവർഷത്തേക്കാൾ 43 ശതമാനം അധികമാണ്‌. എംഎസ്എംഇകൾക്ക്‌ 5596 കോടി വായ്‌പ നൽകി. രണ്ട് വർഷംകൊണ്ട് 3005 കോടി രൂപ 51,300 യൂണിറ്റുകൾക്കായി വായ്‌പയായി നൽകിയതിലൂടെ 75,000 തൊഴിലവസരം സൃഷ്ടിക്കാനായി. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ പാക്സിനും മറ്റിടപാടുകാർക്കും വൈകാതെ എത്തിക്കും.


ഇ‍ൗ ഭരണസമിതി വന്നശേഷം 672 പേരെ നിയമിച്ചിട്ടുണ്ട്‌. ഒഴിവുള്ള 102 തസ്‌തികകൂടി പിഎസ്‌സിക്ക്‌ ഉടൻ റിപ്പോർട്ട്‌ ചെയ്യും. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കി. കുടിശ്ശിക രണ്ടു ഗഡുക്കളായി നൽകും. ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പിന്‌ വായ്‌പ ബിരുദ വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ പലിശയില്‍ ലാപ്ടോപ് തുടങ്ങിയ പഠനോപകരണങ്ങള്‍ വാങ്ങാൻ ഒരുലക്ഷം രൂപവരെ വായ്‌പ അനുവദിക്കുമെന്ന്‌ കേരളബാങ്ക്‌ പ്രസിഡന്റ്‌ അറിയിച്ചു. 6.99 ശതമാനമേ പലിശയുള്ളൂ. 30 മാസമാണ്‌ തിരിച്ചടവ്‌ കാലയളവ്‌. കേരള ബാങ്കിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പയെടുത്തവർക്ക്‌ 0.5 ശതമാനം പലിശയിളവുണ്ടാകും. വിദ്യാർഥിയുടെ രക്ഷിതാവിന്റെയും അടുത്ത ബന്ധുവിന്റെയും ആൾ ജാമ്യം മാത്രമേ ആവശ്യമുള്ളു. ഇ‍ൗ പദ്ധതിയുടെ ഉദ്‌ഘാടനം 27ന്‌ കൊച്ചിയിൽ നടക്കും. വിവിധ മേഖലയിലുള്ളവർക്ക്‌ പദ്ധതികൾ ആവിഷ്‌കരിക്കാൻ അവരുമായി സംവദിക്കുമെന്നും പി മോഹനൻ പറഞ്ഞു. പ്രവാസികൾ, ഐടി അധിഷ്‌ഠിത സംരംഭകർ, എംഎസ്‌എംഇകൾ, ക്ഷീരകർഷകർ, വ്യവസായികൾ എന്നിവരെ പങ്കെടുപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home