ആഘോഷത്തിനിടയിൽ കരയിപ്പിച്ച് മടക്കം

തിരുവനന്തപുരം: ഓണം മൂഡ് പാട്ടുവച്ച് ഡാൻസ് ചെയ്യുകയായിരുന്നു ജുനൈസ് അബ്ദുള്ളയും സംഘവും. ഇതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഭവം. ഡാൻസിനിടെ സ്റ്റെപ്പ് തെറ്റി വീണതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍, എഴുന്നേല്‍ക്കാതിരുന്നതോടെ ഉടൻ തന്നെ സഹപ്രവര്‍ത്തകര്‍ ജുനൈസിനെ താങ്ങിയെടുത്ത് നിയമസഭയിലെ ആംബുലൻസില്‍ അതിവേഗം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ഒരു മാസമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി വി അൻവര്‍ രണ്ടാംവട്ടം എംഎല്‍എ ആയിരുന്നപ്പോഴാണ് പേഴ്സണല്‍ സ്റ്റാഫായത്. അൻവര്‍ രാജിവച്ചതിനെ തുടര്‍ന്ന് നിയമസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. നിലവിൽ ഡെപ്യൂട്ടി ലൈബ്രേറിയനായിരുന്നു. വടംവലി മത്സരത്തിൽ ജുനൈസിന്റെ ഉൾപ്പെട്ട എംഎൽഎ ഹോസ്‌റ്റൽ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അത്തപൂക്കളത്തിന് അദ്ദേഹം ഉൾപ്പെട്ട ലൈബ്രറി ടീമിന് മൂന്നാംസ്ഥാനമുണ്ടായിരുന്നു. ജുനൈസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞതോടെ നിയമസഭയിലെ ഓണാഘോഷം അവസാനിപ്പിച്ചു.
ആശുപത്രിയിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ചൊവ്വാഴ്‌ച പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് നിയമസഭയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിൽ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം സ്വദേശമായ സുൽത്താൻബത്തേരിയിലേക്ക് കൊണ്ടുപോകും. സ്‌പോർട്‌സിലും കലാരംഗത്തും ഏറെ താൽപ്പര്യമുണ്ടായിരുന്ന ജീവനക്കാരനായിരുന്നു ജുനൈസ്. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് സ്‌റ്റാഫ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. വിവിധ സബ് കമ്മിറ്റികളിലും അംഗമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് നിയമസഭയിലെ ജീവനക്കാർ.









0 comments