print edition ധനബിൽ നിയമസഭ പാസാക്കി; മദ്യമൊഴുക്കാൻ സർക്കാർ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കടുത്ത എതിർപ്പുകളെ അവഗണിച്ച്, വീര്യംകുറഞ്ഞ മദ്യവുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് സർക്കാർ. അഴിമതിക്ക് കളമൊരുക്കി, വീര്യം കുറഞ്ഞ മദ്യത്തിന് വൻനികുതിയിളവ് നൽകുന്ന 2026–27 വർഷത്തെ ധന ബില്ലിന് നിയമസഭ അംഗീകാരം നൽകി. ഇതോടെ കേരളത്തിൽ മദ്യം വ്യാപകമാകാൻ സാഹചര്യമൊരുങ്ങി.
ബക്കാഡിയ ഉൾപ്പെടെയുള്ള വൻകിട മദ്യക്കമ്പനികൾ നിലവിൽ രംഗത്തുണ്ട്.
സബ്‌ജക്ട് കമ്മിറ്റിയിൽ ചർച്ചചെയ്യാതെ ധന ബിൽ സഭയിൽ അവതരിപ്പിച്ചതിലും സർക്കാരിന്റെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്‌കരിച്ചു.
വീര്യം കുറഞ്ഞ മദ്യം സുലഭമായി ലഭിക്കുന്നതോടെ മദ്യപാനം വർധിക്കുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പും നികുതിയിളവ് നിർദേശം പിൻവലിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്റെ ആവശ്യവും തള്ളിയാണ് ബിൽ പാസാക്കിയത്.
നിയമസഭയിൽ ബുധനാഴ്‌ച ധന ബില്ലിന്റെ അവതരണത്തെ പ്രതിപക്ഷം ക്രമപ്രശ്‌നത്തിലൂടെ എതിർത്തു. സബ്ജക്ട് കമ്മിറ്റി ചർച്ചചെയ്യാതെയാണ് ബില്ല് വരുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
മുന്നണിയും പാർടിയും വകുപ്പ്‌മന്ത്രിയും അറിയാതെയാണ് നികുതിയിളവുനിർദേശം മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ തിരുകിക്കയറ്റിയത്. യുഡിഎഫ് ചർച്ചചെയ്‌തേ തീരുമാനമെടുക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ കഴിഞ്ഞ ദിവസം ധന ബില്ലിന്റെ കരട് ഗസ്‌റ്റ് വിജ്ഞാപനമിറങ്ങിയതോടെ തീരുമാനത്തിൽനിന്ന് മുഖ്യമന്ത്രി പിൻമാറിയിട്ടില്ലെന്ന് വ്യക്തമായി.
സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ ബക്കാഡി മദ്യക്കമ്പനിയുടെ അപേക്ഷയുൾപ്പെടെ, വർഷങ്ങളായി മാറ്റിവച്ച ഫയലിൽ ശരവേഗത്തിലാണ് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വി ഡി സതീശൻ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലേക്ക് നടത്തിയ ദുരൂഹമായ യാത്രയും ഇൗ തീരുമാനവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയം ഉയർന്നിരുന്നു.











0 comments