print edition പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭയ്ക്കുമേൽ എക്സിക്യൂട്ടീവ്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: നിയമസഭയ്‌ക്കുമേൽ എക്‌സിക്യൂട്ടീവിനെ പ്രതിഷ്‌ഠിക്കുന്നതിലും സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന നിലപാടിലും പ്രതിഷേധിച്ച് ധനബിൽ അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കുന്നതുൾപെടെയുള്ള നിർദേശങ്ങളടങ്ങിയ ഗൗരവതരമായ വിഷയമായിട്ടും സബ്‌ജക്ട് കമ്മിറ്റി ചർച്ചചെയ്യാതെ നിയമസഭയിൽ കൊണ്ടുവന്നതിനെ ക്രമപ്രശ്‌നമുന്നയിച്ച് പ്രതിപക്ഷം എതിർത്തു.
അത് അവഗണിച്ച് മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്‌കരിച്ചത്.
സ്‌പീക്കർ തിരുവഞ്ചർ രാധാകൃഷ്‌ണൻ ധനബിൽ അവതരണ അജണ്ടയെടുത്തതോടെ മുൻ ധനമന്ത്രി കൂടിയായ കെ എൻ ബാലഗോപാൽ ക്രമപ്രശ്‌നം ഉന്നയിക്കാൻ എഴുന്നേറ്റു.
സ്‌പീക്കർ ആദ്യം ബാലഗോപാലിനെ വിളിച്ചെങ്കിലും പിന്നീട് അവതരണാനുമതി നിഷേധിച്ചു. സഭയുടെ കാര്യപരിപാടിയിൽ ഇതുണ്ടെന്ന് സിപിഐ നേതാവ് കെ രാജൻ ചൂണ്ടിക്കാട്ടിയതോടെ ബാലഗോപാലിന് വിഷയം ഉന്നയിക്കാൻ അവസരം നൽകി.
സബ്‌ജക്ട് കമ്മിറ്റി ചർച്ചചെയ്യാതെ ധനബിൽ വരുന്നത് നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ ചർച്ചയ്‌ക്കും തീരുമാനത്തിനുശേഷമേ നികുതി നിർദേശം സഭയിൽ വരൂ എന്നാണ് നേരത്തെ പറഞ്ഞത്.
ഗസറ്റ് വിജ്ഞാപനമാകുന്നതോടെ ഉടൻ പ്രാബല്യത്തിൽ വരും. ഹോർട്ടിവൈൻ ഉൽപ്പാദനത്തെക്കുറിച്ചാണ് എൽഡിഎഫ് സർക്കാർ പറഞ്ഞത്. എന്നിട്ടും നടപ്പാക്കാതിരുന്നത് തീരുമാനത്തിന്റെ ഭാഗമായാണെന്ന് ബാലഗോപാൽ പറഞ്ഞു.
കാര്യോപദേശക സമിതി ചേർന്നപ്പോൾ, സബ്‌ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആരും പറഞ്ഞില്ല എന്നായിരുന്നു വി ഡി സതീശന്റെ ന്യായീകരണം. പഴയ ബജറ്റിൽനിന്നുള്ളതിനേക്കാൾ കാര്യമായ മാറ്റമില്ല എന്നു പറഞ്ഞതിനാലാണ് ധനബിൽ സബ്‌ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെടാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ഒളിച്ചുകടത്തലാണെന്ന് വ്യക്തമായപ്പോഴാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ മാത്രമായി ചർച്ചയിൽ പങ്കെടുത്തു.











0 comments