print edition നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു

നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷനേതാവ് പിണറായി വിജയന് ഹസ്തദാനം ചെയ്യുന്നു. കെ എൻ ബാലഗോപാൽ, കെ രാജൻ എന്നിവർ സമീപം
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. പ്രോട്ടെം സ്‌പീക്കർ ജി സുധാകരന് മുമ്പാകെയാണ് 139 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തത്. വ്യാഴം രാവിലെ ഒമ്പതിന് നടപടികൾ ആരംഭിച്ചു.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. കളമശേരി അംഗവും മന്ത്രിയുമായ വി ഇ അബ്‌ദുൾ ഗഫൂറിനായിരുന്നു ആദ്യ ഉൗഴം. വടക്കാഞ്ചേരിയിൽ നിന്നുള്ള സേവ്യർ ചിറ്റിലപ്പള്ളി അവസാനവും. മുഖ്യമന്ത്രി വി ഡി സതീശൻ 105–ാമതായും പ്രതിപക്ഷനേതാവ് പിണറായി വിജയൻ 132–ാമതായും സത്യപ്രതിജ്ഞ ചെയ്‌തു.
"വടശേരി ദാമോദര മേനോൻ സതീശൻ' എന്ന് ആവർത്തിച്ചായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ. ഒമ്പത് അംഗങ്ങൾ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. എഫ് രാജ (ദേവികുളം) തമിഴിലും എ കെ എം അഷ്‌റഫ് (മഞ്ചേശ്വരം) കന്നഡയിലും സത്യപ്രതിജ്ഞ ചൊല്ലി.
34 എൽഡിഎഫ് അംഗങ്ങൾ ഉൾപ്പെടെ 42പേർ സഗൗരവവും അഞ്ചു പേർ സ്രഷ്‌ടാവിന്റെ നാമത്തിലും ഒരംഗം സർവേശ്വരന്റെ പേരിലും 91 പേർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഏറ്റവും പ്രായം കൂടിയ അംഗം പിണറായി വിജയനും പ്രായം കുറഞ്ഞ അംഗം ആലപ്പുഴയിൽ നിന്നുള്ള എ ഡി തോമസുമാണ്.
രണ്ടര മണിക്കൂർ നീണ്ട ചടങ്ങ് പകൽ 12.31ന് അവസാനിച്ചു. കഴിഞ്ഞ തവണ കോവിഡ് സാഹചര്യത്തിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഇത്തവണ എല്ലാ ജില്ലകളിൽ നിന്നും വിവിധ രാഷ്‌ട്രീയ പാർടി പ്രവർത്തകരും എംഎൽഎമാരുടെ കുടുംബാംഗങ്ങളും നേതാക്കളും എത്തി. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.










0 comments