ad
Deshabhimani

പെരുമാറ്റച്ചട്ടം ലംഘിച്ച് യുഡിഎഫിന്റെ 'സൗജന്യ ബസ്' യാത്ര; ചിറയിൻകീഴിൽ ഇലക്ഷൻ സ്ക്വാഡ് തടഞ്ഞു

Indira bus.jpg
വെബ് ഡെസ്ക്

Published on Mar 28, 2026, 02:04 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച യുഡിഎഫ് നടപടി ഇലക്ഷൻ സ്ക്വാഡ് തടഞ്ഞു. ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തിയ 'ഇന്ദിരാ ഗ്യാരണ്ടി ബസ്' യാത്രയാണ് അധികൃതർ തടഞ്ഞത്.


ചിറയിൻകീഴ് മുതൽ കോരാണി വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് നടത്തിയ ട്രയൽ റൺ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർമാർക്ക് സൗജന്യങ്ങൾ നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ക്വാഡ് ഇടപെട്ടത്.


ബസ് കോരാണിയിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ തടയുകയും മടക്കയാത്രയ്ക്കായി കയറിയവരെ ഇറക്കിവിടുകയും ചെയ്തു. റൂട്ടിൽ ഓടുന്ന ബസിൽ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാവൂ എന്ന് സ്ക്വാഡ് നിർദ്ദേശിച്ചു. ഇതോടെ സൗജന്യ യാത്ര എന്ന വാഗ്ദാനം പാളി.


ബസിന് പുറത്ത് ഒട്ടിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങളും ബോർഡുകളും നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. സ്ക്വാഡ് പരിശോധന കർശനമാക്കിയതോടെ യുഡിഎഫ് പ്രവർത്തകർ മടക്കയാത്ര ഉപേക്ഷിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ പ്രചരണാർത്ഥമാണ് ബസ് യാത്ര സംഘടിപ്പിച്ചത്.


എന്നാൽ വോട്ടർമാരെ പ്രലോഭിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് എൽഡിഎഫ് പറഞ്ഞു. ചട്ടലംഘനം വ്യക്തമായതോടെ അധികൃതർ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home