കൂട്ടത്തോടെ അപ്രത്യക്ഷമായി ട്വന്റി 20 വോട്ടുകൾ


സ്വന്തം ലേഖകൻ
Published on May 05, 2026, 06:38 AM | 1 min read
കൊച്ചി: എൻഡിഎയുടെ ഭാഗമായി ജില്ലയിൽ ഒന്പത് മണ്ഡലങ്ങളിൽ മത്സരിച്ച ട്വന്റി 20യുടെ വോട്ടുകൾ പലയിടത്തും കൂട്ടത്തോടെ അപ്രത്യക്ഷമായി. ആറുമാസംമുന്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുനിലയുമായി താരതമ്യപ്പെടുത്തുന്പോൾ ട്വന്റി20യുടെ വോട്ടിൽ വൻ ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്.
തദ്ദേശതെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ട്വന്റി 20ക്ക് കുന്നത്തുനാട് മണ്ഡലത്തിൽ 46,163 വോട്ട് ലഭിച്ചിരുന്നു. എൻഡിഎയുടെ ഭാഗമായി മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ലഭിച്ചതാകട്ടെ 40,221 വോട്ട്. ആറായിരത്തിലേറെ വോട്ടിന്റെ കുറവ്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎക്ക് 1521 വോട്ട് വർധിച്ചെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ ട്വന്റി 20 ഒറ്റയ്‌ക്ക് നേടിയ അയ്യായിരത്തിലേറെ വോട്ടുകൾ കാണാനില്ല.
2021ൽ വൈപ്പിനിൽ ഒറ്റയ്‌ക്ക് മത്സരിച്ച ട്വന്റി 20 16,540 വോട്ടുമായി മൂന്നാംസ്ഥാനത്തും 13,385 വോട്ടുമായി ബിജെപി നാലാംസ്ഥാനത്തുമായിരുന്നു. ഇക്കുറി എൻഡിഎയ്‌ക്കുവേണ്ടി ട്വന്റി 20 മത്സരിച്ചപ്പോൾ ആകെ 13,637 വോട്ടാണ് ലഭിച്ചത്. 16,000ത്തോളം വോട്ടുകളാണ് അപ്രത്യക്ഷമായത്. യുഡിഎഫ് വിജയം 15,648 വോട്ടിന്.
ബിജെപി മത്സരിച്ച ആലുവയിൽ മൂവായിരത്തോളം വോട്ട് ഇക്കുറി വർധിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 നേടിയ പതിനായിരത്തിലേറെ വോട്ട് അപ്രത്യക്ഷമായി. യുഡിഎഫ് വോട്ടിൽ പതിനയ്യായിരത്തോളം വർധനയുമുണ്ട്. ബിഡിജെഎസ് മത്സരിച്ച കളമശേരിയിൽ ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ ഇവിടെ ഒറ്റയ്‌ക്ക് മത്സരിച്ച ട്വന്റി20 ആറായിരത്തോളം വോട്ട് നേടിയിരുന്നു. വി ഡി സതീശന്റെ പറവൂർ മണ്ഡലത്തിലും ബിജെപി വോട്ടിൽ മൂവായിരത്തോളം കുറവുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിൽ ട്വന്റി 20ക്കുമാത്രമായി ഇവിടെ 7376 വോട്ട് ലഭിച്ചിരുന്നു. അങ്കമാലിയിൽ എൻഡിഎ വോട്ടിൽ വലിയ കുറവില്ലെങ്കിലും മുന്പ് ട്വന്റി20 നേടിയ 11,371 വോട്ട് അപ്രത്യക്ഷമായി. മൂവാറ്റുപുഴയിലും തദ്ദേശതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തോളം വോട്ടുകൾ കുറഞ്ഞു.










0 comments