print edition അങ്കണവാടികളിൽ പട്ടിണിപ്പൂട്ട്; പാൽ, മുട്ട വിതരണം വഴിമുട്ടുന്നു

ഗോകുൽ ഗോപി
Published on Jun 25, 2026, 12:00 AM | 1 min read
ആലപ്പുഴ: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകളുടെ പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം പ്രതിസന്ധിയിലേക്ക്. വിപണിയിലെ കടുത്ത വിലക്കയറ്റത്തിനിടയിലും സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ തയ്യാറാകുന്നില്ല. ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. മിൽമയടക്കം വില വർധിപ്പിച്ചതിനാൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക അസാധ്യമാണ്.
ഗതാഗതച്ചെലവ് ഉയർന്നതോടെ ഗ്രാമീണ മേഖലകളിൽ നിലവിലെ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ ഒരു ലിറ്ററിന് 65 മുതൽ 70 രൂപ വരെ നൽകണം. അങ്കണവാടികളിലേക്ക് പാൽ എത്തിക്കാനുള്ള വണ്ടിക്കൂലികൂടി ചേരുമ്പോൾ ചെലവ് ഉയരും. പല ജില്ലകളിലും അങ്കണവാടികളിലേക്ക് പാൽ വിതരണ ടെൻഡർ എടുക്കാൻ ആരും വരുന്നില്ല.
സർക്കാരിന്റെ കടുംപിടുത്തം നേരിട്ട് ബാധിക്കുന്നത് അങ്കണവാടികളെ ആശ്രയിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയാണ്. വളരുന്ന പ്രായത്തിൽ ലഭിക്കേണ്ട പോഷകാഹാരം മുടങ്ങും. പലയിടത്തും അങ്കണവാടി ജീവനക്കാർ കൈയിൽനിന്ന് പണം മുടക്കിയാണ് വിതരണം മുന്നോട്ടുകൊണ്ടുപോകുന്നത്. പാലിന്റെ നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.









0 comments