print edition എഐ കാമറകൾ വന്നശേഷം അപകടമരണങ്ങൾ കുറഞ്ഞു

പ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാനത്തെ റോഡുകളിൽ നിർമിതബുദ്ധി (എഐ) കാമറകൾ പ്രവർത്തനസജ്ജമായതിനുശേഷം വാഹനാപകട മരണങ്ങൾ കുറഞ്ഞു. എഐ കാമറകൾ സജ്ജമാക്കിയതിനുശേഷം ഓരോ വർഷവും മരണനിരക്ക് ഗണ്യമായി കുറയുന്നുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക്. 2023–ൽ 4048 മരിച്ചപ്പോൾ 2024–ൽ 3880 പേരും 2025–ൽ 3733 പേരും മരിച്ചു. 2026 എപ്രിൽവരെ 1384 പേരാണ് മരിച്ചത്.
2023–ലാണ് അപകടമരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത്. 48,068 പേർ വാഹനാപകടങ്ങളിൽ 4084 മരിച്ചു. 2025–ൽ 49,889 അപകടങ്ങളുണ്ടായപ്പോൾ 3733 പേർ മരിച്ചു. 2024–ൽ 48,834 അപകടങ്ങളിൽ 3880 പേരും 2026 ഏപ്രിൽവരെ 18,598 അപകടങ്ങളിൽ 1384 പേരും മരിച്ചു. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം പ്രതിവർഷം ഏകദേശം ആറ് ശതമാനം വർധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലും മരണനിരക്ക് കുറയുന്നത് പ്രതീക്ഷയുളവാക്കുന്നുവെന്നാണ് വിലയിരുത്തൽ.
മോട്ടോർ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേർന്ന് നടപ്പാക്കിയ "സേഫ് കേരള' പദ്ധതിയിലൂടെ അപകടങ്ങളും മരണങ്ങളും കുറയ്‌ക്കാനും സുരക്ഷിതമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാനായതായും ഗതാഗത വകുപ്പ് പറയുന്നു. പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കൺട്രോൾ റൂമുകളും എഐ കാമറകളും മുഴുവൻസമയവും പ്രവർത്തിക്കുന്ന എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകളും സജ്ജമാക്കിയതോടെ കാര്യക്ഷമമായ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സാധ്യമായി.
റോഡ് സുരക്ഷാ രംഗത്തുണ്ടായ മാറ്റങ്ങൾ
സേഫ് കേരള പദ്ധതിയും എഐ കാമറകളും സജ്ജമായതിനുശേഷം കേരളത്തിലെ റോഡ് സുരക്ഷാ രംഗത്ത് നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹന യാത്രികർ ഹെൽമെറ്റ് ധരിക്കുന്നതും കാറുകളിലെ മുൻസീറ്റുകളിലെയും പിൻസീറ്റുകളിലെയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും വർധിച്ചു.
അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സിഗ്നൽ തെറ്റിക്കുന്ന പ്രവണതയും കുറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ചിത്രങ്ങൾസഹിതം വാഹന ഉടമയ്ക്ക് ഫോണിലേക്ക് നേരിട്ട് മെസേജ് വരുന്നതിനാൽ അനാവശ്യ തർക്കങ്ങളില്ലാതായി.
കൺട്രോൾ റൂമുകൾവഴി റോഡുകളിലെ സ്ഥിതിഗതികൾ മുഴുവൻസമയവും നിരീക്ഷിക്കപ്പെടുന്നു. "ആരും കാണാനില്ലെങ്കിലും കാമറ കാണുന്നുണ്ട്' എന്ന ചിന്ത ഡ്രൈവർമാരിൽ കൂടുതൽ ഉത്തരവാദിത്തബോധമുണ്ടാക്കി. പിഴപ്പേടി എന്നതിലുപരി സ്വന്തം സുരക്ഷയെകൂടി കരുതുന്ന പുതിയ ട്രാഫിക് സംസ്കാരം വളരാൻ പദ്ധതി കാരണമായതായും വ്യക്തമാക്കുന്നു.










0 comments