അഞ്ച് വർഷം കൊണ്ട് യാഥാർഥ്യമായത് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി പി രാജീവ് പറഞ്ഞു. 27,158 കോടി രൂപ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. ഇതിൽ മിക്ക പദ്ധതികളുടെയും നിർമാണം ആരംഭിച്ചതായും ബാക്കി പദ്ധതികൾ നിർമ്മാണത്തിൻറെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൻറെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കഴിഞ്ഞ അഞ്ച് വർഷം സാക്ഷ്യം വഹിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ രാജ്യത്ത് തുടർച്ചയായി ഒന്നാമതെത്താൻ കേരളത്തിനായി. രാജ്യത്ത് ആദ്യമായി ഇഎസ്ജി വ്യവസായ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ കേരളത്തിന് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറന്നിടാൻ സഹായിച്ചതിലെ പ്രധാന ഘടകം ഇഎസ്ജി നയമാണ്. ലോജിസ്റ്റിക്സ്, കയറ്റുമതി, ഗ്രാഫീൻ നയങ്ങൾ കേരളത്തിന് നടപ്പാക്കാൻ സാധിച്ചതും ഇതിലൂടെയാണ്.
മൂന്ന് സംരംഭകവർഷം കഴിഞ്ഞപ്പോൾ 4,06,606 എംഎസ്‌എംഇകൾ പുതുതായി ആരംഭിച്ചു. ഇതിലൂടെ 27,158.64 കോടി നിക്ഷേപവും 8,66,162 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. 6,677 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വന്നു. കെ- സ്വിഫ്റ്റ് ഏകജാലക ക്ലിയറൻസ് സംവിധാനം നടപ്പാക്കിയത് വ്യവസായ-നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന് സഹായകമായി. ഉദ്യോഗസ്ഥരുടെ വീഴ്‌ചയ്‌ക്ക് പിഴ ഏർപ്പെടുത്തി പരാതി രിഹാര സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ചെറുകിട വ്യവസായങ്ങൾക്ക് കെഎസ്ഐഡിസി 1200 കോടി രൂപ വായ്പ നൽകി. എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി.
51 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ 560 ഏക്കറോളം സ്ഥലം വ്യവസായ മേഖലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. 11 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അനുമതി നൽകി. പാലക്കാട് ഇൻഡസ്ട്രിയിൽ സ്മാർട്ട് സിറ്റിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. പൊതുമേഖലയിൽ നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് കൊണ്ടുവന്നു. ഈ വർഷത്തെ കണക്കെടുത്താൽ 25 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കെപിപിഎല്ലിന്റെ പ്രവർത്തനം ലാഭത്തിലായി. പരമ്പരാഗത വ്യവസായ മേഖലയെ മികവിലേക്ക് ഉയർത്താനായെന്നും അദ്ദേഹം പറഞ്ഞു.











0 comments